ജില്ലാ കളക്ടറുടെ തൊടുപുഴ താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ 276 പരാതികള്‍ പരിഹരിച്ചു. ആകെ 650 പരാതികളാണ് ലഭിച്ചത്. അതില്‍ 110 പരാതികള്‍ അദാലത്തില്‍ നേരിട്ട് ലഭിച്ചതാണ്. ഇതോടൊപ്പം മുന്‍പ് ലഭിച്ച 264 അപേക്ഷകളും ഉള്‍പ്പെടെ 374 പരാതികള്‍ തുടര്‍നടപടികള്‍ക്കായി വിവിധ വകുപ്പുകള്‍ക്ക് കൈമാറി. ഈ പരാതികളില്‍ അന്വേഷണം നടത്തി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

തൊടുപുഴ ലയണ്‍സ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച അദാലത്തില്‍ റവന്യു, വനം, തൊഴില്‍, പഞ്ചായത്ത്, നഗരസഭ, പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമം, കെ എസ്.ഇ.ബി, പൊതുമരാമത്ത് തുടങ്ങി എല്ലാ വകുപ്പുകളുടെയും ഉള്‍പ്പെടെ 29 കൗണ്ടറുകള്‍ തുറന്നിരുന്നു. ഇതിന് പുറമെ പൊതുജനങ്ങളുടെ പരാതികള്‍ അതാത് വകുപ്പുകളുടെ കൗണ്ടറുകളിലേക്ക് തിരിച്ചുവിടാന്‍ ഹെല്‍പ്പ് ഡെസ്‌കും ഒരുക്കിയിരുന്നു. ദുരിതാശ്വാസ നഷ്ടപരിഹാര പരാതികള്‍, റേഷന്‍ കാര്‍ഡിലെ എ.പി.എല്‍. – ബി.പി.എല്‍. പരാതികള്‍ തുടങ്ങി പരിഹരിക്കാവുന്ന പരമാവധി പരാതികള്‍ പരിഹരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

തത്സമയം പരിഹരിക്കാനാവാത്ത പട്ടയ- ഭൂപ്രശ്‌ന പരാതികള്‍ ഒരു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധപ്പെട്ട വ്യക്തികളെയും ജില്ലാ നോഡല്‍ ഓഫീസറെയും അറിയിക്കാനും കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഹരിതചട്ടം പാലിച്ച് നടത്തിയ അദാലത്തില്‍ വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് വേഗത്തില്‍ സേവനം ലഭിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അദാലത്തില്‍ വച്ച് കാരിക്കോട് വില്ലേജിലെ സന്തോഷ്, സബീന എന്നിവര്‍ക്ക് 1,79000 രൂപയുടെ ദുരിതാശ്വസ ധനസഹായവും കളക്ടര്‍ വിതരണം ചെയ്തു.

ജില്ലാ കളക്ടര്‍ക്കൊപ്പം ഡപ്യൂട്ടി കളക്ടര്‍മാരായ കെ. മനോജ്, ജോളി ജോസഫ് എന്നിവര്‍ പരാതികള്‍ പരിഗണിച്ചു. തൊടുപുഴ തഹസാര്‍ദാര്‍ എന്‍.കെ. അനില്‍കുമാര്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കെ.എച്ച്. സക്കീര്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി. അദാലത്തില്‍ നിരവധി പൊതുജനങ്ങളും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.