*അവ്യക്തത പരിഹരിക്കാന്‍ ഫീല്‍ഡ് സര്‍വ്വെ നടത്തും

*ബഫര്‍സോണ്‍ വനത്തിനുള്ളില്‍ തന്നെയാകണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി

പരിസ്ഥിതി ലോലമേഖല നിര്‍ണ്ണയിക്കുന്നതിന് ഉപഗ്രഹ സര്‍വ്വെ നടത്തി നിര്‍ണ്ണയിച്ചിട്ടുള്ള പ്രദേശങ്ങളെക്കുറിച്ചുള്ള അവ്യക്തതകള്‍ പരിഹരിക്കുന്നതിന് ഫീല്‍ഡ് സര്‍വ്വെ നടത്തുമെന്ന് ജവവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇതു സംബന്ധിച്ച ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വനാതിര്‍ത്തിക്കുള്ളില്‍ത്തന്നെ ബഫര്‍ സോണ്‍ നിശ്ചയിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

ദേശീയ ശരാശരിയേക്കാളേറെ 29 ശതമാനം വൃക്ഷാവരണമുള്ള സംസ്ഥാനമാണ് കേരളം. സംരക്ഷിത മേഖലയിലെ ഖനനം, വന്യജീവികളുടെ നാശനഷ്ടം, ജൈവവൈവിദ്ധ്യങ്ങളുടെ തകര്‍ച്ച എന്നീ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ബഫര്‍സോണ്‍ നിശ്ചയിച്ചിട്ടുള്ളത്. കേരളത്തില്‍ പ്രസ്തുത മാനദണ്ഡങ്ങളൊന്നും ലംഘിക്കപ്പെട്ടിട്ടല്ല. സുപ്രീം കോടതിയ്ക്ക് ഒരു സംസ്ഥാനത്തിനു മാത്രമായി വിധി പുറുപ്പെടുവിക്കാന്‍ കഴിയില്ല. മാത്രമല്ല സംരക്ഷിത വനമല്ലാത്ത വനാവരണം ഉപഗ്രഹ സര്‍വ്വെയില്‍ ഉള്‍പ്പെട്ടതുകൂടിയാണ് അവ്യക്തത ഉണ്ടാകാന്‍ ഇടയായത്. ഇത് പരിഹരിക്കുന്നതിന് ഡിസം. 20, 21 തീയതികളില്‍ സര്‍വ്വെയില്‍ ഉള്‍പ്പെട്ടിട്ടുള്ള മേഖലയിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടേയോ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരുടേയോ അദ്ധ്യക്ഷതയില്‍ റവന്യു-പഞ്ചായത്ത് അധികൃതര്‍ സംയുക്തമായി ഉപഗ്രഹ സര്‍വ്വെ വിശകലനം ചെയ്ത് അവ്യക്തത പരിഹരിക്കും.

വീടുകള്‍, വാണിജ്യ കെട്ടിടങ്ങള്‍ എന്നിവ രേഖപ്പെടുത്തി നിലവില്‍ സര്‍വ്വെയില്‍ ഉള്‍പ്പെടാത്ത വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിദഗ്ദ്ധ സമിതിയ്ക്ക് സമര്‍പ്പിക്കും. ഡിസം. 22, 23, 24 തീയതികളില്‍ പ്രസ്തുത സംഘം ഫീല്‍ഡ് സര്‍വ്വെ നടത്തി ബഫര്‍ സോണില്‍ വരുന്ന പ്രദേശങ്ങളെക്കുറിച്ച് വ്യക്തത വരുത്തും. ഡിസം. 29 രാവിലെ 10 മണിയ്ക്ക് കളക്ട്രേറ്റില്‍ യോഗം ചേര്‍ന്ന് അനന്തര നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റേയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റേയും നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ദേശീയ പാര്‍ക്കുകളുടേയും സംരക്ഷിത വനമേഖലയുടേയും ചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കരുതല്‍ മേഖല കണ്ടെത്തുന്നതിനായി ഉപഗ്രഹ സഹായത്തോടെ സംസ്ഥാന റിമോട്ട് സെന്‍സിങ് & എന്‍വയേണ്‍മെന്റ് സെന്ററാണ് പ്രാഥമിക സര്‍വ്വെ നടത്തിയത്.

ഈ സര്‍വ്വെ പ്രകാരം ഇടുക്കി ജില്ലയില്‍ 8 സംരക്ഷിത മേഖലകള്‍ ബഫര്‍സോണ്‍ സര്‍വ്വെയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 14 ഗ്രാമ പഞ്ചായത്തിലെ 21 വില്ലേജുകളാണ് സര്‍വ്വെ പ്രകാരം കരുതല്‍ മേഖലയില്‍ വന്നിട്ടുള്ളത്. ഇരവികുളം നാഷണല്‍ പാര്‍ക്ക്, ചിന്നാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി, ആനമുടി ഷോല നാഷണല്‍ പാര്‍ക്ക്, പാമ്പാടുംചോല നാഷണല്‍ പാര്‍ക്ക്, കുറിഞ്ഞിമല വൈല്‍ഡ് ലൈഫ് സാങ്ച്വറി, മതികെട്ടാന്‍ചോല നാഷണല്‍ പാര്‍ക്ക് എന്നീ സംരക്ഷിത മേഖലകളിലെ പ്രദേശങ്ങളാണ് കരുതല്‍ മേഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

സര്‍വകക്ഷി യോഗത്തില്‍ എ. രാജ എം.എല്‍.എ, സബ് കളക്ടര്‍മാരായ അരുണ്‍ എസ് നായര്‍, രാഹുല്‍കൃഷ്ണ ശര്‍മ്മ, എ ഡി എം ഷൈജു പി.ജേക്കബ്, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.പി ദീപ, ജില്ലാ ആസൂത്രണ സമിതി ഉപാധ്യഷന്‍ സി.വി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, തുടങ്ങി ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കള്‍, വകുപ്പ് തല മേധാവികള്‍, റവന്യു-ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.