ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഒരുക്കിയ പ്രത്യേക ക്യൂ സംവിധാനം ഫലപ്രദമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍. കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് മറികടക്കാനും ഭക്തര്‍ക്ക് സുഖ ദര്‍ശനം ഒരുക്കാനും വേണ്ടിയാണ് പ്രത്യേക ക്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നടപ്പന്തലിലെ ഒമ്പതാമത്തെ വരിയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. ഈ സംവിധാനം നടപ്പിലാക്കിയ ആദ്യ ദിവസമായ ഇന്നലെ ( ഡിസംബര്‍ 19) ഭക്തരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കൂടുതല്‍ സമയം ക്യൂവില്‍ നില്‍ക്കാതെ അയ്യപ്പ ദര്‍ശനം സാധ്യമായതിന്റെ സന്തോഷത്തിലാണ് സ്ത്രീകളും കുട്ടികളും. ഒരു കുട്ടിയോടോപ്പം ഒരു രക്ഷകര്‍ത്താവ് എന്ന നിലയിലാണ് ഇപ്പോള്‍ പ്രത്യേക ക്യൂ ക്രമീകരിച്ചിരിക്കുന്നതെന്നും സന്നിധാനത്തെ പ്രത്യേക ക്യൂ ക്രമീകരണം പരിശോധിച്ചശേഷം അദ്ദേഹം പറഞ്ഞു.