മലയോര പട്ടയവുമായി ബന്ധപ്പെട്ട് അർഹതപ്പെട്ടവർക്ക് പട്ടയം ലഭിക്കുന്നതിന് നടപടികൾ തുടങ്ങി കഴിഞ്ഞതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ചാലക്കുടി താലൂക്കിൽ നിന്ന് 1391 അപേക്ഷകൾ കേന്ദ്രാനുമതിക്കായി പരിവേഷ് പോർട്ടലിൽ ഉൾപ്പെടുത്തിയതായും ഇതിനുള്ള പരിശോധനകൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു. കിഴക്കേ ചാലക്കുടി (ഗ്രൂപ്പ്) സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആകുന്നതിനൊപ്പം സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ കൂടി പരിഹരിക്കാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു. 2023 ഓടെ കേരളത്തിലെ എല്ലാ ജില്ലകളും ഇ-ജില്ലകളായി മാറും. സംസ്ഥാനത്ത് സമ്പൂർണ ഡിജിറ്റലൈസേഷൻ നടത്തുന്ന ആദ്യത്തെ വകുപ്പാണ് റവന്യൂ വകുപ്പെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിലുൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ചാണ് കിഴക്കേ ചാലക്കുടി (ഗ്രൂപ്പ്) സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണം പൂർത്തിയാക്കിയത്. കിഴക്കേചാലക്കുടി, പേരാമ്പ്ര, പോട്ട വില്ലേജ് ഓഫീസുകളുടെ ഗ്രൂപ്പ് വില്ലേജ് ഓഫീസാണിത്.

സനീഷ് കുമാർ ജോസഫ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്, ജില്ലാ കലക്ടർ ഹരിത വി കുമാർ, ചാലക്കുടി തഹസിൽദാർ ഇഎൻ രാജു, ഇരിങ്ങാലക്കുട ആർഡിഒ എംകെ ഷാജി, മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.