കാലവർഷത്തിനു മുന്നോടിയായുള്ള ദുരന്ത ലഘൂകരണ നടപടികളുടെ ഭാഗമായി ജില്ലയിൽ അഞ്ചിടങ്ങളിൽ മോക്ക് ഡ്രിൽ നടത്തുമെന്ന് ജില്ലാ കലക്ടർ ഡോ.എൻ .തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. താലൂക്ക് അടിസ്ഥാനത്തിൽ നാലും ജില്ലാതലത്തിലുമാണ് മോക്ക് ഡ്രിൽ നടത്തുക. മോക്ക് ഡ്രില്ലുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടർ.

ടാങ്കർ ലോറികൾ കൂട്ടിയിടിച്ച് ഉണ്ടാകുന്ന ഇന്ധനചോർച്ച സംബന്ധിച്ച മോക്ക് ഡ്രിൽ ഡിസംബർ 26 ന് വെങ്ങളത്ത് നടക്കും. ജില്ലാ തലത്തിൽ ആവശ്യമായ ഏകോപന പ്രവർത്തനങ്ങൾ നടത്തി മോക് ഡ്രില്ലുകൾ സംഘടിപ്പിക്കേണ്ട സ്ഥലങ്ങൾ കണ്ടെത്താൻ കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പ്രളയസാഹചര്യവുമായി ബന്ധപ്പെട്ട് ഈ പ്രദേശങ്ങളിൽ ഡിസംബർ 29 ന് മോക്ക് ഡ്രിൽ നടത്തും.

മോക് ഡ്രില്ലുകൾ നടത്തുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും കലക്ടർ നിർദേശിച്ചു. ഇതിനു മുന്നോടിയായി മോക്ക് ഡ്രില്‍ ഉള്‍പ്പെടെയുള്ള ദുരന്ത ലഘൂകരണ തയ്യാറെടുപ്പുകളുടെ അവസാന ഘട്ട അവലോകന യോഗം ഡിസംബര്‍ 27 ന് ചേരും.

കലക്ടറേറ്റിലെ ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിൽ ചേർന്ന യോഗത്തിൽ ഫാക്ടറീസ് ആൻഡ് ബോയിലേർസ് ജോയിന്റ് ഡയറക്ടർ മുനീർ എൻ ജെ, എൻ ഡി ആർ എഫ് എസ്ഐ സജീവ് ദേഷ്‌വാൾ, വിവിധ ഉദ്യോഗസ്ഥർ ,ജില്ലാ തല ഐ ആർ എസ്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.