കയ്പമംഗലം മണ്ഡലത്തിൻ്റെ ദീർഘനാളത്തെ ആവശ്യങ്ങളിൽ ഒന്നായ ഗോതുരുത്ത്, കരൂപ്പടന്ന പാലം യാഥാർത്ഥ്യത്തിലേക്ക്. പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് അതിർത്തി അടയാള പ്രവൃത്തികൾ ആരംഭിച്ചു. പാലത്തിനായി ഏറ്റെടുക്കേണ്ട ഭൂമി ഉടമകളുമായി എംഎൽഎമാരായ ഇ.ടി ടൈസൺ മാസ്റ്റർ, വി.ആർ സുനിൽകുമാർ, തഹസിൽദാർ കെ രേവ തുടങ്ങിയവർ നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി.
2017ൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 13.93 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരുന്നത്. 131.68 മീറ്റർ നീളം വരുന്ന പാലത്തിന് 11.05 മീറ്റർ വീതിയാണുള്ളത്. അതിൽ 1.50 മീറ്റർ ഫുട് പാത്തും ഉൾപ്പെടും. ഗോതുരുത്ത് ഭാഗത്ത് 380 മീറ്ററും കരൂപ്പടന്ന ഭാഗത്ത് 180 മീറ്ററും അപ്രോച്ച് റോഡുകളും അടങ്ങുന്നതാണ് പാലം.
പാലത്തിനും അപ്രോച്ച് റോഡിനുമായുള്ള സ്ഥലനിർണ്ണയം കഴിഞ്ഞാൽ പബ്ലിക്ക് ഹിയറിംഗ്, പരിസ്ഥിതി ആഘാത പഠനം, ടെണ്ടർ നടപടികൾ എന്നിവ നടത്തി പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ പറഞ്ഞു.
ഭൂമി ഉടമകളുമായി നടന്ന ചർച്ചയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംഎസ് മോഹനൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രാജൻ പടിക്കൽ, ബ്ലോക്ക് മെമ്പർ മിനി ഷാജി, വാർഡ് മെമ്പർ അജിത പ്രതീപ്, കെആർഎഫ്ബി എക്സിക്യുട്ടീവ് എൻജിനീയർ ലിനി ടി സൂസൺ, എ ഇ ആശാമോൾ തുടങ്ങിയവർ പങ്കെടുത്തു.