ബേപ്പൂരിന്റെ മണ്ണിൽ ജലാരവത്തിന്റെ നാളുകൾക്ക് തുടക്കമാവുമ്പോൾ കാണികളെ കാത്തിരിക്കുന്നത് കയാക്കിങിന്റെ മാന്ത്രിക കാഴ്ചകളും മത്സരങ്ങളും. കുതിച്ചു വരുന്ന കടൽത്തിരകളെ ഭേദിച്ച് ബേപ്പൂരിന്റെ ഓളപരപ്പിൽ കയാക്കിങ് ബോട്ടുകൾ അണിനിരക്കും.

രണ്ടാമത് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി സിറ്റ് ഓണ്‍ ടോപ് കയാക്കിങ്, കടൽ കയാക്കിങ്, സ്റ്റാന്റ് അപ് പെഡലിംഗ് വിഭാഗങ്ങളിലാണ് മത്സരം നടക്കുക. സിംഗിൾ, ഡബിൾ എന്നിങ്ങനെ വനിതാ പുരുഷ വിഭാഗങ്ങളിൽ മത്സരം നടക്കും. രാജ്യത്തിന് അകത്തും പുറത്തുമുള്ള നിരവധി മത്സരാർത്ഥികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിസംബർ 24 മുതൽ 28 വരെ നടക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിൽ ജലവുമായി ബന്ധപ്പെട്ട മറ്റനേകം മത്സരങ്ങളും പരിപാടികളും അരങ്ങേറും. പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കൾച്ചറൽ പരിപാടികളും വൈകുന്നേരങ്ങളെ സംഗീതസാന്ദ്രമാക്കും. ആർമി, നേവി, കോസ്റ്റ് ഗാർഡ് സംഘങ്ങൾ സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിനായി പ്രദേശം സന്ദർശിച്ചു.