ഡിസംബർ 24 മുതൽ 28 വരെ നടക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് ബേപ്പൂരിൽ ബീച്ച് വോളി മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ പാറ്റേൺ കാരന്തൂർ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ കക്കട്ടിൽ വോളി അക്കാദമി റണ്ണേഴ്സ് അപ്പായി. വാർഡ് കൗൺസിലർ വാടിയിൽ നവാസ് വനിതാ ബീച്ച് വോളി മത്സര വിജയികൾക്ക് ക്യാഷ് പ്രൈസ് വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ ടീമിന് പതിനായിരം രൂപയും രണ്ടാം സ്ഥാനം നേടിയ ടീമിന് അയ്യായിരം രൂപയുമാണ് സമ്മാനത്തുക.
ബേപ്പൂർ പുലിമുട്ടിൽ നടന്ന മത്സരത്തിൽ ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുമായി എട്ടു ടീമുകൾ പങ്കെടുത്തു.
രാത്രി വൈകിയും തുടർന്ന മത്സരം വീക്ഷിക്കാൻ ഒട്ടേറെ പേർ ബേപ്പൂരെത്തിയിരുന്നു. വാർഡ് കൗൺസിലർ രജനി തോട്ടുങ്ങൽ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ എന്നിവർ മത്സരാർത്ഥികൾക്ക് ആശംസ അറിയിച്ചു. ഇന്ന് (ഡിസംബർ 22) വൈകിട്ട് 4 മണിക്ക് കബഡി മത്സരവും വെള്ളിയാഴ്ച്ച വൈകിട്ട് ഫുട് വോളിയും നടക്കും. വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായാണ് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.