കറുകമാട് നിവാസികളുടെ ഏറെ കാലത്തെ ചിരകാല സ്വപ്നമായ കറുകമാട് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. കുടിവെള്ള പദ്ധതി ടി എൻ പ്രതാപൻ എം പി നാടിന് സമർപ്പിച്ചു. ചാവക്കാട്, കടപ്പുറം, കറുകമാട് മേഖലയിൽ വർഷങ്ങളായി നിലനിൽക്കുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ഇതോടെ പരിഹാരമാകും. കടപ്പുറം പഞ്ചായത്തിനെ 2013 മുതലുള്ള വിവിധ വർഷങ്ങളിലെ ജനകീയാസൂത്രണ പദ്ധതികളിൽ ഉൾപ്പെടുത്തി ആരംഭിച്ച പദ്ധതിയാണ് കറുകമാട് കുടിവെള്ള പദ്ധതി. ഒരു കോടിയോളം രൂപയാണ് പദ്ധതിയുടെ വിവിധ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചത്.

കുടിവെള്ള പദ്ധതിക്കായി നാട്ടുകാർ മൂന്ന് സെന്റ് സ്ഥലം പഞ്ചായത്തിന് കൈമാറിയിരുന്നു. ആദ്യഘട്ടത്തിൽ പഞ്ചായത്ത് വിഹിതം 52 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് വിഹിതം 10 ലക്ഷം രൂപയും വിനിയോഗിച്ചാണ് ടാങ്ക് നിർമ്മാണം പൂർത്തീകരിച്ചത്. പിന്നീട് 2018 – 19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ച് പൈപ്പ് ലൈൻ എക്സ്റ്റൻഷൻ പ്രവൃത്തികൾ നടപ്പാക്കി. അവസാന ഘട്ടമായി 2.40 ലക്ഷം രൂപ വിനിയോഗിച്ച് മോട്ടോർ സ്ഥാപിക്കുകയും ചെയ്തു.

ചടങ്ങിൽ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ അധ്യക്ഷത വഹിച്ചു. വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ സന്ധ്യ ഷാജു പദ്ധതി വിശദീകരിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ മുസ്ത്താക്കലി , ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. വി എം മുഹമ്മദ് ഗസാലി , പഞ്ചായത്ത് വൈ.പ്രസിഡന്റ് കാഞ്ചന മൂക്കൻ ,സ്ഥിരം സമിതി അധ്യക്ഷന്മാരായ സാലിഹ ഷൗക്കത്ത്, വി പി മൻസൂറലി, ശുഭ ജയൻ , ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സി വി സുബ്രഹ്മണ്യൻ, പഞ്ചായത്ത് പഞ്ചായത്ത് സെക്രട്ടറി പി വൈ സാജിത, വാർഡ് മെമ്പർമാർ , മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.