ജലക്ഷാമം പരിഹരിക്കാൻ പുതിയ വാട്ടർ ടാങ്കുകൾ പണിയുന്ന നടപടികൾ ദ്രുതഗതിയിലാക്കാനും പുതിയ മോട്ടോറുകൾ സ്ഥാപിക്കാനും ജില്ലാ കളക്ടർ ഹരിത വി കുമാർ നിർദേശം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജൽജീവൻ മിഷൻ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ.
ജൽജീവൻ മിഷന്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കളക്ടർ നിർദേശം നൽകി. ജൽജീവൻ മിഷന്റെ വിവിധ പദ്ധതികൾക്കായി സ്ഥലം ഏറ്റെടുക്കുന്നതിനെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ വാട്ടർ ടാങ്ക് നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനും സ്വകാര്യ ഭൂമിയിൽ അനുവാദം ലഭ്യമാകുന്ന മുറയ്ക്ക് പ്രവൃത്തി തുടങ്ങാനും യോഗത്തിൽ തീരുമാനിച്ചു.
ജൽജീവൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും 11 വളണ്ടിയർമാരെ താൽക്കാലികമായി നിയമിക്കാനും യോഗത്തിൽ തീരുമാനമായി. ജല പരിശോധനാ ലാബുകൾ സജ്ജീകരിച്ചിട്ടുള്ള ജില്ലയിലെ 50 വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനവും ബോധവൽക്കരണവും നൽകാനും വിദ്യാർത്ഥികളെ ജൽജീവന്‍ മിഷന്റെ പ്രവർത്തനങ്ങൾക്ക് സജ്ജരാക്കാനും കളക്ടർ നിർദ്ദേശം നൽകി.
യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ (എൽആർ ) പി എ വിഭൂഷൺ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, എക്സിക്യൂട്ടീവ് എൻജിനീയർമാർ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.