സന്നിധാനത്ത് ‘പുണ്യം പൂങ്കാവനം’ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാര്‍. ശബരിമല ദര്‍ശനത്തിനെത്തിയ ജസ്റ്റീസ് സി.ടി. രവികുമാര്‍ രാവിലെ ഒന്‍പതു മണി മുതല്‍ സന്നിധാനത്തു നടന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കറുപ്പണിഞ്ഞെത്തിയ ജസ്റ്റീസ് സി.ടി. രവികുമാര്‍ ചാക്കുകളിലും മാലിന്യനിക്ഷേപ ബിന്നുകളിലുമുണ്ടായിരുന്ന മാലിന്യങ്ങള്‍ സ്വയം ചുമന്നു ട്രാക്ടറിലേക്കു മാറ്റി. പുണ്യം പൂങ്കാവനം ഓഫീസിനു സമീപവും, അയ്യപ്പസേവാ സംഘം അന്നദാനമണ്ഡപത്തിനു മുന്നിലും ധനലക്ഷ്മി ബാങ്കിനു സമീപവുമുണ്ടായിരുന്ന മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കുന്നതിന് ജസ്റ്റിസ് സി.ടി. രവികുമാര്‍ നേതൃത്വം നല്‍കി. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു മുമ്പ് പുണ്യം പൂങ്കാവനം ഓഫീസിലെത്തിയ ജസ്റ്റിസ് സി.ടി. രവികുമാര്‍ സന്ദര്‍ശകഡയറിയില്‍ പുണ്യം പൂങ്കാവനം പദ്ധതിയെ അനുമോദിച്ച് കുറിപ്പെഴുതി.

വ്യാഴാഴ്ച വൈകിട്ട് സന്നിധാനത്തുനടന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ കര്‍പ്പൂരാഴി ഘോഷയാത്രചടങ്ങിലും ജസ്റ്റീസ് സി.ടി. രവികുമാര്‍ സംബന്ധിച്ചിരുന്നു. ശബരിമല അസിസ്റ്റന്റ് സ്‌പെഷല്‍ ഓഫീസര്‍ നിഥിന്‍ രാജ്, ദ്രുതകര്‍മസേന ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്‍, സന്നിധാനം പോലീസ് അസിസ്റ്റന്റ് കമാന്‍ഡന്റ് സി.പി. അശോകന്‍, ഓഫീസര്‍ കമാന്‍ഡന്റുമാരായ എ. ഷാജഹാന്‍, ബാലകൃഷ്ണന്‍, സി.കെ. കുമാരന്‍ എന്നിവര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. പുണ്യം പൂങ്കാവനം പോലീസ് സേനാംഗങ്ങള്‍, ദ്രുതകര്‍മസേന(ആര്‍.എ.എഫ്), ദേശീയദുരന്തപ്രതികരണ സേന(എന്‍.ഡി.ആര്‍.എഫ്.) അംഗങ്ങള്‍, അഗ്നി രക്ഷാ സേന, എക്‌സൈസ്, വനംവകുപ്പ് ജീവനക്കാര്‍, പുണ്യം പൂങ്കാവനം വോളണ്ടിയര്‍മാര്‍, അഖില ഭാരത അയ്യപ്പ സേവാസംഘം വോളണ്ടിയര്‍മാര്‍, അയ്യപ്പഭക്തര്‍, ശുചീകരണത്തൊഴിലാളികള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.