സമൂഹത്തിലെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ഗുണപരമായ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വിവിധ പദ്ധതികളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്‌ക്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് അടക്കമുള്ള പ്രദേശങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ ഇതിന്റെ ഭാഗമായി നടപ്പാക്കി വരുന്നുണ്ട്. മേഖലയില്‍ ഇനിയും കൂടുതല്‍ പദ്ധതികള്‍ കൊണ്ടു വരും. ജില്ലയിലെ ഊരു വിദ്യാ കേന്ദ്രങ്ങള്‍, പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങള്‍, പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലൂടെ പഠനം സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുകയാണ്. 87 പഠന മുറികള്‍ വനവും വനാതിര്‍ത്തിയുമായി ബന്ധപ്പെട്ടും സജീവമാണ്.

ജില്ലയിലെ വിദ്യാഭ്യാസ കാര്യങ്ങളില്‍ പ്രത്യേകിച്ച് എന്തെങ്കിലും പിന്നാക്കാവസ്ഥയുണ്ടോ എന്ന് പരിശോധിക്കും. ഇതിന്റെ ഭാഗമായി ജില്ലയിലെ മൂന്ന് ബി.ആര്‍.സി. കളില്‍ നിന്നായി അഞ്ച് വീതം പഠന മുറികള്‍ വീതം തെരഞ്ഞെടുത്ത് കുട്ടികള്‍ക്കിടയില്‍ പഠന വിടവോ കൊഴിഞ്ഞു പോക്കോ ഉണ്ടോ എന്നത് പരിശോധിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍വ്വ ശിക്ഷാ കേരളയാണ് ഈ പരിശോധന നടത്തുക. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക മൊഡ്യൂള്‍ തയ്യാറാക്കി 87 പേര്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.