കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പടിയൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. നാളികേരത്തിന്റെ ഉൽപാദനം വർദ്ധിപ്പിക്കുക വഴി കർഷകർക്ക് അർഹമായ വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് കേരഗ്രാമം. പടിയൂർ പഞ്ചായത്തിലെ 100 ഹെക്ടറോളം സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുക.

ഉദ്ഘാടനത്തോടനുബന്ധിച്ച് പടിയൂർ ഉപ്പും തുരുത്തി ശിവന്തിക ടീം അവതരിപ്പിച്ച ഓണംകളിയും, കർഷകരുടെ കലാപരിപാടികളും നടന്നു. ഉദ്ഘാടനവേദിയുടെ അങ്കണത്തിൽ മണ്ണൂത്തി കാർഷിക സർവ്വകലാശാലയുടെ കമ്മ്യൂണിക്കേഷൻ സെന്ററിൽ നിന്നുള്ള മൊബൈൽ എക്സിബിഷൻ വാഹനം എത്തിയത് ശ്രദ്ധേയമായി. കർഷകർക്ക് പച്ചക്കറി വിത്ത്, ജൈവവളങ്ങൾ, വിവിധതരം ഉത്പാദനോപാദികൾ, മൂല്യവർദ്ധിത ഉല്പന്നങ്ങൾ എന്നിവ വാങ്ങാൻ ഇതുവഴി അവസരം ഉണ്ടായി. പടിയൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വനിതാ സംരംഭകരുടെ ഉല്പന്നങ്ങളും വിപണനത്തിനായി എത്തി.

എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹാളിൽ നടന്ന ചടങ്ങിൽ പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ് മുഖ്യാതിഥിയായി. വെള്ളാങ്ങല്ലൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് മെമ്പർമാരായ സുധ ദിലീപ്, രാജേഷ് അശോകൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ വി സുകുമാരൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ലിജി രതീഷ്, ടിവി വിബിൻ, ജയശ്രീലാൽ, പടിയൂർ കേരസമിതി പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ ടി കെ മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കൃഷിഭവനിലെ കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.