തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ മണക്കാട് -വലിയതുറ, വലിയതുറ – ബീമാപള്ളി, വലിയതുറ – എയർപോർട്ട് റോഡുകളുടെ വികസനത്തിന് 7.65 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. റോഡുകളുടെ വികസനത്തിന് നബാർഡ് നൽകുന്ന 6.12 കോടി രൂപയും സംസ്ഥാന സർക്കാരിന്റെ 1.53 കോടി രൂപയും ചേർന്നതാണ് തുക. തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ മണക്കാട് മുതൽ വലിയതുറ വരെയും അവിടെ നിന്ന് ബീമാപള്ളിയിലേക്കും എയർപോർട്ടിലേക്കും ഉള്ള റോഡുകളാണ് ബി എം & ബി സി ഉന്നത സാങ്കേതിക നിലവാരത്തിൽ വികസിപ്പിക്കുന്നത്. ഇതോടെ നഗരത്തിൽ നിന്നും എയർപോർട്ടിലേക്കും തീർത്ഥാടന കേന്ദ്രങ്ങളായ ബീമാപള്ളിയിലേക്കും വെട്ടുകാട് പള്ളിയിലേക്കും വിനോദസഞ്ചാര കേന്ദ്രമായ ശംഖുമുഖത്തേക്കും സുഗമമായി യാത്ര ചെയ്യാം. നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു.