പാലക്കാട് ജില്ലയിലുണ്ടായ കനത്ത മഴയിൽ പാലക്കാട് വൈദ്യുതി ബോർഡിന് ഉണ്ടായ നഷ്ടം നാലര കോടിയോളമാണ്. കെ.എസ്.ഇ.ബി പാലക്കാട്- ഷൊർണൂർ സർക്കിളിന്റെ പരിധികളിലായി 67 ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമറുകൾ, 4746 വൈദ്യുതിത്തൂണുകൾ, 4500 കിലോമീറ്റർ വൈദ്യുതി കമ്പികൾ എന്നിവയ്ക്കാണ് കേടുപാടുകൾ സംഭവിച്ചത്. പാലക്കാട് ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ട്രാൻസ്ഫോർമറുകളും അനുബന്ധ ലൈനുകളും വെള്ളത്തിനിടയിലായി. നെല്ലിയാമ്പതി, നെന്മാറ, കിഴക്കഞ്ചേരി പ്രദേശങ്ങളിൽ ഉരുൾപൊട്ടലിൽ നിരവധി പോസ്റ്റുകളും ലൈനുകളും ഒലിച്ചുപോയി. പലയിടങ്ങളിലും റോഡ് പൂർണമായി തകരുകയും ഒഴുകി പോവുകയും ചെയ്തതിനാലും ദിവസങ്ങളായി തുടർന്ന കനത്ത മഴയും വൈദ്യുതി പുനസ്ഥാപനത്തിന് വെല്ലുവിളിയായിരുന്നെങ്കിലും 90 ശതമാനത്തോളം വൈദ്യുതിബന്ധം പുനസ്ഥാപിച്ചതായി പാലക്കാട്-ഷൊർണൂർ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർമാർ പറഞ്ഞു.
പറളി സെക്ഷൻ ഓഫീസിൽ വെള്ളം കയറി ഓഫീസുപകരണങ്ങൾക്കും കെട്ടിടത്തിനും നാശം സംഭവിച്ചു. പറളി സെക്ഷൻ ഓഫീസിൽ വെള്ളം കയറിയിട്ടും ഓഫീസ് പ്രവർത്തനം സാരമായി ബാധിക്കാതെ അടുത്തുള്ള സബ്സ്റ്റേഷൻ ക്വാട്ടേർസിൽ ഓഫീസ് പ്രവർത്തനം സജ്ജമാക്കി. പലയിടങ്ങളിലും മരങ്ങൾ പുഴങ്ങിവീണ സാഹചര്യങ്ങളിൽ വൻ ദുരന്തം ഒഴിവാക്കാൻ ട്രാൻസ്ഫോർമറുകൾ നിർത്തിവെയ്ക്കേണ്ട സാഹചര്യങ്ങളുമുണ്ടായി. പറളി എടത്തറ ഭാഗത്തെ കൂട്ടുപ്പറമ്പ്, കൽപ്പാത്തി സെക്ഷനിലെ ഗണേഷ് നഗർ, ആർ.കെ നഗർ, നെന്മാറ അയിലൂർ പാലക്കാംപൊറ്റ, മരുതറോഡ്, കിഴക്കഞ്ചേരി എന്നിവിടങ്ങളിൽ വെള്ളം പൊങ്ങിയ സമയങ്ങളിൽ നിശ്ചിത ഇടപെടലിലൂടെ ട്രാൻസ്ഫോർമർ നിർത്തിവെച്ചതിനാൽ ദുരന്തം ഒഴിവാക്കാനായി.
കെ.എസ്.ഇ.ബി ഷൊർണൂർ ഇലക്ട്രിക്കൽ സർക്കിളിന്റെ പരിധിയിൽ ഭാരതപ്പുഴയുടെ തീരത്തോടു ചേർന്ന് നിൽക്കുന്ന ഒറ്റപ്പാലം, ലെക്കിടി, ഷൊർണൂർ, പട്ടാമ്പി, തൃത്താല, കുമ്പിടി, പരുതൂർ എന്നീ പ്രദേശങ്ങളിലാണ് വൈദ്യുതി സാരമായി തടസ്സപ്പെട്ടത്. ഇവിടെ നീരൊഴുക്ക് ശക്തമായത് മൂലം പുഴയിലൂടെ നിർമിച്ചിരുന്ന 11 കെ.വി ലൈനുകൾ ഒഴുകിപോവുകയും തീരങ്ങളിലുള്ള ട്രാൻസ്ഫോർമറുകൾ മുങ്ങിപോവുകയും ചെയ്തു.
യുദ്ധകാലാടിസ്ഥാനത്തിൽ പുനസ്ഥാപനം
ഉരുൾപൊട്ടലിൽ തീർത്തും ഒറ്റപ്പെട്ട നെല്ലിയാമ്പതിയിൽ 33 കെ.വി വൈദ്യുതി വിതരണം കേവലം മൂന്നു ദിവസത്തിൽ അതിസാഹസികമായാണ് ഗതാഗത തടസം പോലും അതിജീവിച്ച് പുനസ്ഥാപിച്ചത്.
ഒറ്റപ്പാലം സെക്ഷനു കീഴിൽ ലെക്കിടിയിൽ പൂർണമായും വെള്ളത്തിൽ മുങ്ങിയ ട്രാൻസ്ഫോർമർ പൊക്കിയെടുക്കാൻ സാധിക്കാത്തതിനാൽ അടുത്തുള്ള സെക്ഷനിൽ നിന്നും പുതിയ ലൈനെടുത്ത് പ്രദേശത്ത് വൈദ്യുതി വിതരണം ചെയ്തിട്ടുണ്ട്.
ഉരുൾപൊട്ടി ഒറ്റപ്പെട്ടുപോയ പ്രദേശങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ കാലതാമസമില്ലാതെ വൈദ്യുതി പുനസ്ഥാപിക്കുന്നതിനായി ജീവനക്കാരും കോൺട്രാക്ട് തൊഴിലാളികളും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ്, വയർമെൻ-കോൺട്രാക്ടേഴ്സ് സംഘടനകളുടെയും സഹകരണത്തോടെ വയറിങ് സംവിധാനങ്ങൾ അപകടരഹിതമാണെന്ന് ഉറപ്പുവരുത്തിയാണ് വൈദ്യുതിബന്ധം പുനസ്ഥാപിച്ചത്. വെള്ളപൊക്കം രൂക്ഷമായ കൽപ്പാത്തി സെക്ഷനു കീഴിൽ വെള്ളത്തിൽ മുങ്ങിപോയ സുന്ദരം കോളനി, ശംഖുവാരത്തോട് പ്രദേശങ്ങളിൽ 150ഓളം വീടുകളിൽ വയർമെൻ അസോസിയേഷൻ, കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ, ഇലക്ട്രിക്കൽ ട്രേഡ്ഴ്സ് അസോസിയേഷൻ എന്നിവരുടെ സഹായത്തോടെ സുരക്ഷിമായി ഇ.എൽ.സി.ബി ഘടിപ്പിച്ച് വൈദ്യുതി പുനസ്ഥാപിച്ചു.
നിലവിൽ പാലക്കാട് സർക്കിളിനു കീഴിൽ കിഴക്കഞ്ചേരി, നെല്ലിയാമ്പതി ഭാഗങ്ങളിൽ 116 വൈദ്യുതി കണക്ഷനുകൾ, ഷൊർണൂർ സർക്കിളിനു കീഴിൽ കാഞ്ഞിരപ്പുഴ പ്രദേശത്ത് അഞ്ചു കണക്ഷനുകളുമാണ് പുനസ്ഥാപിക്കാനുള്ളത്. ഈയിടങ്ങളിൽ ഉരുൾപൊട്ടലിനെ തുടർന്ന് ഗതാഗതം തടസ്സമായതിനാലാണ് വൈദ്യുതിബന്ധം പുനസ്ഥാപനം സാധ്യമാവാത്തതെന്ന് അധികൃതർ അറിയിച്ചു.
വയറിങ് നശിച്ചുപോയ വീടുകളിൽ ഇ.എൽ.സി.ബി, ലൈറ്റ് പോയിന്റ്, പ്ലഗ് പോയിന്റ്, തുടങ്ങിയ സംവിധാനങ്ങൾ ഉൾപ്പെടെ വയറിങ് ചെയ്ത് വൈദ്യുതി പുനസ്ഥാപിക്കാനുള്ള ഫണ്ട് കെ.എസ്.ഇ.ബി വകയിരുത്തിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും തിരികെ വീടുകളിലേക്ക് മടങ്ങുന്നവർക്ക് വൈദ്യുതി സംബന്ധമായി ശ്രദ്ധിക്കേണ്ട മുൻകരുതലുകളെ കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന് ലഘുലേഖകൾ വിതരണം ചെയ്ത് ക്യാംപയ്നുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. പാലക്കാട് വൈദ്യുതി വിഭാഗത്തിന്റെ കീഴിൽ ഏകദേശം രണ്ടരലക്ഷം ഉപഭോക്തക്കളാണ് വൈദ്യുതി തടസ്സം നേരിട്ടത്. ജില്ലയിൽ ദിവസങ്ങളായി തുടർന്ന കനത്ത മഴയിലും ശക്തമായ കാറ്റിലും വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളിൽ വിതരണം പുനസ്ഥാപിക്കാനായി യുദ്ധകാലാടിസ്ഥാനത്തിൽ കൃത്യമായ ഏകോപനത്തിലൂടെ മനുഷ്യസാധ്യമായ എല്ലാ പ്രവർത്തനങ്ങളിലൂടെയാണ് ജില്ലയെ ഇരുട്ടിലാക്കാതെ നിർത്തിയത്.