കലോത്സവത്തിനെത്തുന്ന വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. മറ്റ് ജില്ലകളിൽ നിന്ന് കലോത്സവത്തിന് എത്തുന്നവർക്ക് വിവിധ വേദികളെ കുറിച്ചും വാഹന സൗകര്യങ്ങളെക്കുറിച്ചും താമസ സ്ഥലത്തേക്ക് എത്താനുള്ള നിർദേശങ്ങളും മറ്റ് വിവരങ്ങളും നൽകി കലോത്സവ നഗരിയിൽ ശ്രദ്ധേയമാവുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹെൽപ് ഡെസ്ക്.

ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിന്റെ നേതൃത്വത്തിലാണ് ഹെൽപ് ഡെസ്കിന്റെ പ്രവർത്തനം. കലോത്സവം നടക്കുന്ന 24 വേദികളിലും ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്. വകുപ്പിന് കീഴിലുള്ള ജില്ലയിലെ ഉദ്യോഗസ്ഥരാണ് ഹെൽപ് ഡെസ്കിൽ സേവനം അനുഷ്ഠിക്കുന്നത്.കലോത്സവം തുടങ്ങിയ ദിവസം മുതൽ നിരവധി ആളുകൾ ഹെൽപ് ഡെസ്കുമായി ബന്ധപ്പെടുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.