മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെയും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെയും പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി ക്യാമ്പിന്റെ ആദ്യ ദിനം 1,248 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി. മുട്ടില്‍ ഗ്രാമ പഞ്ചായത്തില്‍ 715 ആധികാരിക രേഖകള്‍ ഉള്‍പ്പടെ 1645 സേവനങ്ങളും സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ 533 ആധികാരിക രേഖകള്‍ ഉല്‍പ്പെടെ 1303 സേവനങ്ങളും നല്‍കി.

മുട്ടില്‍ കുട്ടമംഗലം മുസ്ലീം ഓര്‍ഫനേജ് ദുആ ഹാളില്‍ നടന്ന ക്യാമ്പ് മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് സ്‌കറിയ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ കെ. ദേവകി പ്രോജക്ട് അവതരിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ചന്ദ്രിക കൃഷ്ണന്‍, മുട്ടില്‍ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ യാക്കൂബ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേരി സിറിയക്, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിഷ സുധാകരന്‍, വാര്‍ഡ് മെമ്പര്‍മാര്‍, അക്ഷയ ജില്ലാ കോര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ചുങ്കം ഫാദര്‍ മത്തായി നൂറനാള്‍ മെമ്മോറിയല്‍ പാരിഷ് ഹാളില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. ക്യാമ്പില്‍ പങ്കെടുത്ത പട്ടിക വര്‍ഗ കുടുബങ്ങള്‍ക്ക് തുണി സഞ്ചിയും മാസ്‌കും വിതരണം ചെയ്തു. ഡി.പി.എം ജെറിന്‍ സി ബോബന്‍ പ്രോജക്ട് അവതരിപ്പിച്ചു. നോഡല്‍ ഓഫീസറായ സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി ക്യാമ്പ് സന്ദര്‍ശിച്ചു.

നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് ലിഷ, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില ജുനൈസ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. റഷീദ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടോം ജോസ്, ഡിവിഷന്‍ കൗണ്‍സിലര്‍മാരായ സി.കെ ആരിഫ്, രാധ രവീന്ദ്രന്‍, നഗരസഭ സെക്രട്ടറി സൈനുദ്ദീന്‍, എ.ടി.ഡി.ഒ എം. മജീദ്, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എം സജി, താലൂക്ക് ഹോസ്പിറ്റല്‍ ഡോക്ടര്‍ ബിജു അശോകന്‍, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തിഡ്രല്‍ വികാരി ഫാദര്‍ നിബിന്‍ ജേക്കബ് പാട്ടുപാളയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബത്തേരിയിലെ ക്യാമ്പ് ജനുവരി 5 നും മുട്ടിലിലെ ക്യാമ്പ് ജനുവരി 6 നും സമാപിക്കും.