മകരവിളക്ക് മഹോൽസവത്തിന് മുന്നോടിയായി സന്നിധാനത്തെ പ്രഭാപൂരിതമാക്കാനുള്ള തീവ്രശമത്തിലാണ് കെ.എസ്.ഇ.ബി ജീവനക്കാർ. കൂടുതൽ സ്ഥലങ്ങളിൽ വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. പുതുതായി ഇരുന്നൂറ് തെരുവുവിളക്കുകളാണ് സന്നിധാനത്തും പരിസരത്തും സ്ഥാപിച്ചത്. പർണശാല കെട്ടാൻ അനുവദിക്കപ്പെട്ട പാണ്ടിത്താവളം ഭാഗത്ത് ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തി തുടരുകയാണ്. ദേവസ്വം ബോർഡ് മരാമത്ത് വിഭാഗം ആവശ്യപ്പെടുന്നത് അനുസരിച്ചാണ് വിളക്കുകൾ സ്ഥാപിക്കുന്നത്.
ഇതുവരെ ആയിരത്തിലേറെ താൽക്കാലിക അധികവിളക്കുകൾ സ്ഥാപിച്ചതായി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ ജി പ്രദീപ്കുമാർ പറഞ്ഞു. 11 കെവിയുടെ നാല് ഫീഡറുകളാണ് സന്നിധാനത്ത് ക്രമീകരിച്ചിട്ടുള്ളത്. റിങ്‌ലൈൻ രീതിയിൽ ഒരുക്കിയതിനാൽ കറണ്ട് പോകുമെന്ന ഭീതിവേണ്ടെന്ന് അദ്ദേഹം അറിയിച്ചു. കവേഡ് കണ്ടക്ടർ കണക്ഷൻ സംവിധാനം ആയതിനാൽ സുരക്ഷാഭീതി വേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എൽ ഇ ഡി, ട്യൂബ്, സോഡിയം ലൈറ്റുകളാണ് സ്ഥാപിച്ചത്. ഉരക്കുഴി, ഹെലിപ്പാഡ് എന്നിവിടങ്ങളിലും കൂടുതൽ വൈദ്യുത വിളക്കുകൾ സ്ഥാപിക്കും.