വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് യൂസർ ഫീ വേണ്ടെന്ന സോഷ്യൽ മീഡിയയിലെ പ്രചരണം വ്യാജം. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിയമപരമായ അധികാരമുണ്ടെന്നും വ്യാജപ്രചരണങ്ങളിൽ നിന്ന് ജനങ്ങൾ വിട്ടു നിൽക്കണമെന്നും കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത് ആവശ്യപ്പെട്ടു.
ഒരു വിവരാവകാശരേഖയെ അടിസ്ഥാനമാക്കിയാണ് സമൂഹമാധ്യമങ്ങളിൽ യൂസർ ഫീ വേണ്ടെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ നടക്കുന്നത്. പ്രസ്തുത വിവരാവകാശരേഖയിൽ യൂസർ ഫീ നൽകേണ്ടതില്ല എന്ന് പറയുന്നില്ല. യൂസർ ഫീ നൽകാത്തവർക്ക് തദ്ദേശ സ്ഥാപനങ്ങളിലെ സേവനം നിഷേധിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന ഒരു പ്രത്യേക ഉത്തരവ് നിലവിലില്ലെന്ന് മാത്രമാണ് ഇതിൽ പറയുന്നുത്. എന്നാൽ അത്തരം ഒരു വ്യവസ്ഥ ഏർപ്പെടുത്താൻ പഞ്ചായത്തുകളോടും നഗരസഭകളോടും നിർദ്ദേശിക്കുന്ന സർക്കാർ ഉത്തരവ് നിലവിലുണ്ട്.
പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ട പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന ഫീ നൽകാൻ ഉടമസ്ഥർ ബാധ്യസ്ഥരാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നൽകാത്തവർക്കെതിരെയും, യൂസർ ഫീ നൽകാത്തവർക്കെതിരെയും അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെയും, കത്തിക്കുന്നവർക്കെതിരെയും പതിനായിരം രൂപ മുതൽ 50,000 രൂപ വരെ പിഴ ചുമത്താൻ ബൈലോയിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് നിർദ്ദേശമുണ്ട്.
യൂസർ ഫീ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വന്ന വ്യാജ വാർത്തകളുടെ നിജസ്ഥിതി ജനങ്ങളിലെത്തിക്കാൻ മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ മലപ്പുറം ഹരിതകർമസേനയോടൊപ്പം ഫീൽഡ്തല ബോധവത്കരണം പ്രവർത്തനങ്ങൾ ജില്ലയിൽ ആരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ മലപ്പുറം നഗരസഭയിലെ ഹരിതകർമസേനാ പ്രവർത്തകർക്കൊപ്പം വിവിധ വീടുകളിൽ കയറി വ്യാജ വാർത്തകളുടെ വിശദാംശങ്ങൾ വീട്ടുകാർക്ക് വിശദമാക്കിയാണ് മാലിന്യ ശേഖരണത്തിന് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ ഹരിതകർമ സേനാ പ്രവർത്തകർക്കൊപ്പം കുടുംബശ്രീ പ്രവർത്തകരെയും ഏകോപിപ്പിച്ച് ക്യാമ്പയിൻ നടത്തും. ഇതിനായി പഞ്ചായത്ത് , നഗരസഭാ തലങ്ങളിൽ കുടുംബശ്രീ സി.ഡി എസുകൾക്ക് നിർദേശം നൽകി.
പഞ്ചായത്തുകളിൽ ജനപ്രതിനിധികളെയും സാമൂഹിക പ്രവർത്തകരെയും കാമ്പയിനിന്റെ ഭാഗമാക്കുമെന്ന് ജില്ലാ മിഷൻ കോർഡിനേറ്റർ അറിയിച്ചു. മലപ്പുറം മുനിസിപ്പലിറ്റിയിലെ വാർഡ് 18 ൽ ഗൃഹമാലിന്യം ശേഖരിച്ച് ക്യാമ്പയിന് തുടക്കമായി. മലപ്പുറം സി.ഡി.എസ് ചെയർപേഴ്‌സൺ ടി.ടി ജുമൈല, ജില്ലാ പ്രോഗ്രാം മാനേജർ കെ.ടി ജിജു, സിറ്റി മിഷൻ മാനേജർ പി.കെ സുനിൽ, ബ്ലോക്ക് കോ ഓർഡിനന്റർ കെ.സജ്ന , സി.ഡി. എസ് മെമ്പർകെ.ഷീന, കമ്മ്യൂണിറ്റി കൗൻസിലർ ഒ.കെ നൗഷിത, പ്രഭാവതി മാധവൻ മലപ്പുറം ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.