ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ തെരഞ്ഞെുപ്പ് കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. വിവിധ കോളേജുകളിലെ ഇലക്ഷൻ ലിറ്ററസി ക്ലബുകളെ പ്രതിനിധീകരിച്ച് താലൂക്ക്തല മത്സര വിജയികളായ ഏഴ് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന മത്സരത്തിന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ.രാധ, ഓഫീസർമാരായ സി. പ്രവീൺ, കെ.പി ശ്രീരാജ്, കെ.പി രാജേഷ് എന്നിവർ നേതൃത്വം നൽകി. അഞ്ച് റൗണ്ടുകളിലായി നടന്ന മത്സരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസ് ഹെഡ് ക്ലർക്ക് ടി.പി സജീഷ് നിയന്ത്രിച്ചു. തിരൂർ താലൂക്കിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത വളാഞ്ചേരി എം.ഇ.എസ് കെവിഎം കോളേജ് വിദ്യാർഥികളായ പി വിവേക് വർമ, ഐഷ ദിൽന അമീദ് എന്നിവർ ഒന്നാം സ്ഥാനം നേടി. പെരിന്തൽമണ്ണ താലൂക്കിൽ നിന്നും ജെംസ് കോളേജ് വിദ്യാർഥികളായ കെ ഷഹല, ഇ.കെ മുഹമ്മദ് അജ്‌നാസ് എന്നിവർ രണ്ടാംസ്ഥാനവും ഏറനാട് താലൂക്കിനെ പ്രതിനിധീകരിച്ചെത്തിയ അരീക്കോട് സുല്ലമുസലാം കോളേജിൽ നിന്നുള്ള അർഷാദ് ബാവ, വി.പി ഇഷ്‌റത്ത് എന്നിവർ മൂന്നാം സ്ഥാനവും നേടി. മത്സരത്തിന് ശേഷം ജില്ലാ കളക്ടർ വി ആർ പ്രേംകുമാർ മത്സരാർഥികളുമായി സംവദിക്കുകയും പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്തു. വിജയികൾക്കുള്ള ഉപഹാരവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രശസ്തി പത്രവും ദേശീയ സമ്മതിദായക ദിനമായ ജനുവരി 25ന് നടക്കുന്ന പരിപാടിയിൽ വിതരണം ചെയ്യും.