വടവുകോട്- പുത്തൻകുരിശ് ഗ്രാമ പഞ്ചായത്തിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. 2022-23 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് വിവിധ തരം വൃക്ഷ തൈകൾ വിതരണം ചെയ്തത്. വിതരണോദ്ഘാടനം പഞ്ചായത്ത് കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ നിർവഹിച്ചു.

ഗ്രാഫ്റ്റ് ചെയ്ത റംബൂട്ടാൻ, മംഗോസ്റ്റീൻ, മാവ്, പ്ലാവ് എന്നീ ഫലവൃക്ഷങ്ങളാണ് വിതരണം ചെയ്യുന്നത്. വൃക്ഷതൈകൾ ഒരു വർഷത്തിനകം കായ്ഫലം ലഭിച്ചു തുടങ്ങുന്ന ഉയർന്ന നിലവാരത്തിലുള്ള തൈകളാണ് നൽകുന്നത്. 930 രൂപ വില വരുന്ന നാലിനം തൈകളും 75 ശതമാനം സബ്സിഡിക്ക് ശേഷം 235 രൂപ നിരക്കിലാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്. ബാക്കി തുക പഞ്ചായത്ത് നൽകും.

ഇതിനോടകം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള 300 പേർക്കാണ് വടവുകോട്- പുത്തൻകുരിശ് കൃഷിഭവനുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. അടുത്ത മാസത്തോടെ ജാതിതൈകൾ കൂടി വിതരണം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങളാണ് പഞ്ചായത്ത് നടപ്പാക്കുന്നത്.