പെരുമാട്ടി ഗ്രാമപഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.പി.സി. ആദ്യ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും സ്‌കൂള്‍ വാര്‍ഷികവും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പണത്തിനോടും ആര്‍ഭാട ജീവിതത്തോടുമുള്ള അടങ്ങാത്ത ആര്‍ത്തിയാണ് കുറ്റകൃത്യങ്ങള്‍ കൂടാന്‍ കാരണമെന്നും കുട്ടികളാണ് പ്രധാനമായും ഇത്തരം ആര്‍ഭാട ജീവിതത്തില്‍ ആകൃഷ്ടരായി ലഹരിക്കടത്ത് പോലുള്ള കാര്യങ്ങളിലേക്ക് വഴുതിവീഴുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ സ്റ്റുഡന്റ് പോലീസിന് കാര്യമായ പങ്കുവഹിക്കാന്‍ കഴിയും. കുട്ടികള്‍ ലഹരി കടത്ത് വാഹകരാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ ആ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാന്‍ സ്റ്റുഡന്റ് പോലീസിന് കഴിയണമെന്നും കുട്ടികള്‍ ഇത്തരം ചതിക്കുഴിയില്‍ വീഴാതെ നോക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എസ്.എം.സി ചെയര്‍മാന്‍ കെ. സുരേഷ് അധ്യക്ഷനായ പരിപാടിയില്‍ ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഫെയിം സനിഗ സന്തോഷ്  മുഖ്യാതിഥിയായി. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭന്‍, പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കൃഷ്ണകുമാര്‍, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ രാധാകൃഷ്ണന്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ നന്ദിനി, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സരിത, പെരുമാട്ടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജീഷ് കുമാര്‍, വിനോദ് ബാബു, മില്‍മ മലബാര്‍ മേഖല യൂണിയന്‍ ഡയറക്ടര്‍ കെ. ചെന്താമര, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് എസ്. ഉദയകുമാര്‍, പെരുമാട്ടി ജി.എച്ച്.എസ്.എസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മഞ്ജു വര്‍ഗീസ്, ഹെഡ്മിസ്ട്രസ് സി. ശോഭ തുടങ്ങിയവര്‍ പങ്കെടുത്തു.