പത്താമത് സർഗാലയ അന്താരാഷ്ട്ര കലാ -കര കൗശല മേള സമാപിച്ചു. ലോക ശ്രദ്ധയാകർഷിക്കുന്ന മേളകളിലൊന്നായി സർഗാലയ അന്താരാഷ്ട്ര കലാ- കരകൗശല മേള മാറുമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. 19 ദിവസം നീണ്ടു നിന്ന മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കര കൗശല മേഖലയുടെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്നതിൽ വൻ കുതിപ്പാണ് ചുരുങ്ങിയ കാലം കൊണ്ട് സർഗാലയ കൈവരിച്ചത്. മേളയിലേക്ക് വിദേശ സഞ്ചാരികൾ ഉൾപ്പെടെ രണ്ട് ലക്ഷത്തിൽ പരം ആളുകളെത്തിയത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് അധ്യക്ഷത വഹിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിലിനുള്ള ഉപഹാരം യു.എൽ.സി.സി ചെയർമാൻ പാലേരി രമേശൻ കൈമാറി. റൂറൽ എസ്.പി ആർ.കറുപ്പസ്വാമി മുഖ്യപ്രഭാഷണം നടത്തി. മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കുള്ള ഉപഹാരം മന്ത്രി വിതരണം ചെയ്തു. മികച്ച വാർത്താ റിപ്പോർട്ടർമാർക്കുള്ള പ്രിന്റ് , വിഷ്വൽ, ഓൺലൈൻ മീഡിയ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.
കരകൗശല മേഖല, കൈത്തറി മേഖല, കളിമൺ പൈതൃക മേഖല, പരമ്പരാഗത കലാപ്രദർശന മേഖല എന്നിവ ആസ്പദമാക്കിയാണ് ഡിസംബർ 22 മുതൽ മേള സംഘടിപ്പിച്ചത്. ഇന്ത്യയിലേയും വിദേശത്തെയും കരകൗശല വിദഗ്ദരുടെ കലാവെെഭവം പ്രകടമാക്കുന്നതായിരുന്നു കരകൗശല മേള. 26 സംസ്ഥാനങ്ങളില് നിന്നും 500 ല് പരം കരകൗശല വിദഗ്ധരും ബംഗ്ലാദേശ്, ജോര്ദാന്, കിര്ഗിസ്ഥാന്, നേപ്പാള്, സിറിയ, താജിക്കിസ്ഥാന്, തായ്ലാന്ഡ്, മൗറീഷ്യസ്, ഉസ്ബെക്കിസ്ഥാന്, ലെബനന് തുടങ്ങി 10 ല് പരം രാജ്യങ്ങളിലെ കരകൗശല കലാകാരന്മാരാണ് മേളയില് പങ്കെടുത്തത്. ഉസ്ബെക്കിസ്ഥാന് മേളയുടെ പാര്ട്ണർ രാജ്യമാണ്.
ശ്രീജിത്ത് ശിവപാതയും സംഘവും അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെയാണ് പരിപാടി ആരംഭിച്ചത്. 30 കെ ബറ്റാലിയൻ എൻ.സി.സി, 122 ബറ്റാലിയൻ ടെറിട്ടോറിയൽ ആർമി എന്നിവരുടെ കലാപരിപാടികളും അരങ്ങേറി. മുരളി വാഴയൂരും സംഘവും അവതരിപ്പിച്ച തിറയാട്ടം, കോട്ടക്കൽ റിഫായി ദഫ് സംഘം ദഫ് മുട്ട്, പാനൂർ വാഗ്ഭടാനന്ദ കോൽക്കളി സംഘത്തിന്റെ വനിതാ കോൽക്കളിയുമുണ്ടായിരുന്നു.
നഗരസഭാ കൗൺസിലർ മുഹമ്മദ് അഷ്റഫ്, കോഴിക്കോട് ജില്ലാ ടൂറിസം ജോയിന്റ് ഡയറക്ടർ ടി.ജി അഭിലാഷ്, നബാർഡ് ജില്ലാ വികസന മാനേജർ മുഹമ്മദ് റിയാസ്, സമഗ്ര ശിക്ഷാ കേരള സംസ്ഥാന പ്രോഗ്രാം ഓഫീസർ ഡോ. ബി ഷാജി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സർഗാലയ ആർട്സ് ആന്റ് ക്രാഫ്റ്റ് വില്ലേജ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.പി ഭാസ്ക്കരൻ സ്വാഗതവും ഹോസ്പിറ്റാലിറ്റി മാനേജർ എം.ടി സുരേഷ് ബാബു നന്ദിയും പറഞ്ഞു.