പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം അയ്യന്റെ സന്നിധിയില്‍ അയ്യപ്പ സ്തുതികള്‍ ആലപിച്ചപ്പോള്‍ വനപാലകര്‍ക്കും വനസംരക്ഷണ പ്രവര്‍ത്തകര്‍ക്കും അത് സ്വപ്ന സാഫല്യത്തിന്റെ നിമിഷം. ദര്‍ശനപുണ്യം തേടിയെത്തിയ ഭക്ത ജനങ്ങള്‍ തിങ്ങി നിറഞ്ഞ സദസ്സ് ഭക്തിസാന്ദ്രമായി. വടശ്ശേരിക്കര റേഞ്ച് ഓഫീസര്‍ കെ.വി. രതീഷിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ അയ്യപ്പ സ്തുതികളാലപിച്ചത്. ഗംഗയാറു പിറക്കുന്നു, വിഘ്‌നേശ്വരാ ജന്മനാളികേരം, കര്‍പ്പൂര പ്രിയനേ തുടങ്ങി 15 ഗാനങ്ങള്‍ ഭക്തജനങ്ങള്‍ക്കായി സമര്‍പ്പിച്ചു.

2012 വരെ എല്ലാ വര്‍ഷവും ഡിസംബര്‍ 12 ന് സന്നിധാനത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗാനാലാപനം നടന്നിരുന്നു. എന്നാല്‍ അതിനു ശേഷം വിവിധ കാരണങ്ങളാല്‍ മുടങ്ങി. ഈ വര്‍ഷം വീണ്ടും പരിപാടി സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇനി വരും വര്‍ഷങ്ങളിലും തുടരുമെന്നും റേഞ്ച് ഓഫീസര്‍ പറഞ്ഞു. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള മൂന്ന് പേരും എരുമേലി, കോട്ടയം, വടശേരിക്കര യൂണിറ്റുകളിലെ ഉദ്യോഗസ്ഥരും വനസംരക്ഷണ സമിതി പ്രവര്‍ത്തകരുമാണ് ഗാനങ്ങള്‍ ആലപിച്ചത്. ഒരു റേഞ്ച് ഓഫീസറും 15 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരും രണ്ട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരുമാണ് സന്നിധാനത്ത് സ്പെഷ്യല്‍ ഡ്യൂട്ടിയലുള്ളത്. സ്ഥിരമായുള്ള സെഷന്‍ ഓഫീസര്‍ ക്കും അഞ്ച് ബി.എഫ്.ഒ മാര്‍ക്കും പുറമെയാണിത്.

എന്‍. സെല്‍വരാജ്, സജു എസ്. ദേവ്, സൗമേന്ദ്രകുമാര്‍, വി.എല്‍. മനേഷ്, കെ.വി. രഞ്ജിത്ത്, ജീവന്‍ സുരേഷ്, ജ്യോതിഷ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.