കാര്യക്ഷമമായി കാപ്പ നടപ്പാക്കുന്ന ജില്ലയാണ് ഇടുക്കിയെന്ന് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജസ്റ്റിസ് എന്‍. അനില്‍കുമാര്‍. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച കാപ്പ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലും സംസ്ഥാനത്തും കാപ്പനിയമം ഒരേപോലെ സത്യസന്ധമായി നടപ്പിലാക്കണം. അതിന് അനുയോജ്യമായ മാർഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്, അതിലൂടെ പ്രഥമദൃഷ്ടിയാല്‍ കാപ്പക്ക് എന്തെല്ലാം ആവശ്യമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. കാപ്പ നിയമം വിചാരണ കൂടാതെ ഒരാളെ തടവില്‍ വെക്കുന്ന നിയമമാണ്. പോലീസില്‍ നിന്നും ജില്ലാ ഭരണകൂടത്തില്‍ നിന്നും വളരെ സത്യസന്ധത ആവിശ്യമാണെന്നും സമൂഹിക വിപത്തുണ്ടാക്കുന്ന കാര്യങ്ങളില്‍ കാപ്പ നിയമം നടപ്പിലാക്കണമെന്നും ചെയര്‍മാന്‍ പറഞ്ഞു.

ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ശില്‍പ്പശാലയില്‍ അധ്യക്ഷത വഹിച്ചു. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി കേരളത്തില്‍ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് അഥവാ കാപ്പ. അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ റിട്ട. ജില്ലാ ജഡ്ജ് മുഹമ്മദ് വാസീം, പി. എന്‍ സുകുമാരന്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു. ക്ലാസ്സുകള്‍ക്ക് ശേഷം പേലീസ് -വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ചര്‍ച്ചകളും സംശയനിവാരണവും നടത്തി. സബ് കളക്ടര്‍മാരായ രാഹുല്‍കൃഷ്ണ ശര്‍മ, അരുണ്‍ എസ്. നായര്‍, എഡിഎം ഷൈജു പി. ജേക്കബ്, ജില്ലാ ലോ ഓഫീസര്‍ പി. അനില്‍കുമാര്‍, ജില്ലയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ ശില്‍പ്പശാലയില്‍ പങ്കെടുത്തു.