മകരവിളക്കിന് മുന്നോടിയായി ദേവസ്വം മന്ത്രി സത്രം സന്ദർശിച്ചു

ശബരിമല ഇടത്താവളമായ സത്രം വികസിപ്പിക്കുന്നതിനുള്ള ഇടപെടൽ ഉണ്ടാകുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. മകരവിളക്കിന് മുന്നോടിയായുള്ള സത്രത്തിലെ ഒരുക്കങ്ങളും സൗകര്യങ്ങളും വിലയിരുത്തുന്നതിന് എത്തിയതായിരുന്നു മന്ത്രി. കക്ഷി രാഷ്ട്രീയ ജാതി മത ചിന്തയ്ക്ക് അതീതമായി ശബരിമല വികസനത്തിന് വേണ്ടിയും, ദർശനത്തിനെത്തുന്ന ഭക്തർക്ക് സൗകര്യം ഒരുക്കുന്നതിലും നമ്മുടെ നാട് മുന്നിലാണ്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടു സർക്കാരിനും ദേവസ്വം ബോർഡിനും ചെയ്യാൻ കഴിയുന്നത് ചെയ്തു വരുന്നുണ്ട്. സത്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നത് പരിഗണിക്കും. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക വഴി ഭക്തർക്ക് പ്രയോജനം ഉണ്ടാകുന്നത് കൂടാതെ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകും. വരുന്ന ശബരിമല മണ്ഡലകാലത്തിന് മുൻപ് സമഗ്രമായ ചർച്ച നടത്തി നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇത്തവണ ശബരിമല ദർശനത്തിനോട് അനുബന്ധിച്ച് ഓരോ വകുപ്പുകളും ചെയ്യേണ്ട പ്രവർത്തനങ്ങൾ മുൻ കൂട്ടി കണ്ട് എല്ലാ വകുപ്പുകൾക്കും നിർദേശം നൽകുകയും പ്രവർത്തനങ്ങൾ ഭംഗിയായി പൂർത്തിയാക്കുകയും ചെയ്തു. അന്യസംസ്ഥാനത്ത് നിന്നും എത്തുന്ന ഭക്തർ ഉൾപ്പടെ സന്തുഷ്ടരാണ്. എങ്കിലും ചില പരിമിതികൾ ഉണ്ട്. ഓരോ സ്ഥലത്തിന്റെയും പരിമിതികൾ മനസിലാക്കി ഇടപ്പെടാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ഭക്തർക്ക് നിരാശ ഉണ്ടാക്കരുതെന്നും അതൃപ്തി ഉണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നിവേദനങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. വലിയ പരാതികളില്ലാതെ ദർശനം പൂർത്തീകരിക്കാൻ കഴിയുന്നു എന്നതിലെ സന്തോഷം അദ്ദേഹം പങ്കുവച്ചു.

ഭക്തർക്ക് സൗകര്യം ഒരുക്കുന്നതിനു സർക്കാർ ഫണ്ട്‌ തന്നെയാണ് ചെലവഴിക്കുന്നത്. ദേവസ്വം ബോർഡിൽ നിന്നും ഫണ്ട്‌ പിടിച്ചുവാങ്ങുന്നുവെന്ന് ചിലർ തെറ്റിദ്ധാരണ പരത്തുന്നുണ്ട്. ദേവസ്വം ബോർഡിൽ നിന്നും സംസ്ഥാന സർക്കാർ ഒരു തുകയും പിടിച്ചെടുത്തിട്ടില്ല. കഴിഞ്ഞ 5 വർഷ കാലത്തിനുള്ളിൽ 460 കോടി രൂപ ദേവസ്വം ബോർഡുകളെ സഹായിക്കുന്നതിനു സർക്കാർ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സത്രത്തിൽ പ്രവർത്തിച്ചിരുന്ന ഏകാധ്യാപക സ്‌കൂളിന്റെ പ്രവർത്തനം നിലച്ചതോടെ ട്രൈബൽ മേഖലയിൽ നിന്നുള്ള കുട്ടികളുടെ പഠനം മുടങ്ങിയ സാഹചര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഗൗരവമായി പരിശോധിക്കുമെന്ന് എം എൽ എ യ്ക്ക് മറുപടി നൽകി. ഒരു കുട്ടിക്ക് പോലും പഠനം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാവരുത്. മെച്ചപ്പെട്ട പഠനം ലക്ഷ്യമാക്കിയാണ് എം ആർ സ്കൂളുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ പഠനം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സത്രത്തിലെത്തിയ മന്ത്രിക്ക് അയ്യപ്പസേവാസംഘം സ്വീകരണം നൽകി. വാഴൂർ സോമൻ എംഎൽഎ, വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. എം. ഉഷ, വൈസ് പ്രസിഡന്റ് ശ്രീരാമൻ, മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പി. എം. നൗഷാദ്, പീരുമേട് തഹസിൽദാർ സുനിൽകുമാർ പി. എസ്, ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജ്യോതിഷ് ജെ. ഒഴാക്കൽ, ത്രിതല പഞ്ചായത്ത്‌ പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സത്രം എയർസ്ട്രിപ്പും മന്ത്രി സന്ദർശിച്ചു. അഭിമാനകരമായ കാര്യമാണ് എയർസ്ട്രിപ്പെന്നും പ്രകൃതിക്ക് കോട്ടം തട്ടാതെയുള്ള ഇടപെടൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. എയർസ്ട്രിപ്പ് എന്ന സ്വപ്നം ഉടൻ സാക്ഷാത്കരിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.