ജില്ലയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനവേള കൂടിയായ ഈ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൂടിയാലോചന യോഗത്തില്‍ തീരുമാനിച്ചു. ജനുവരി 26 രാവിലെ 9 മണിക്ക് ഇടുക്കി ഐ.ഡി.എ. ഗ്രൗണ്ടില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തി സന്ദേശം നല്‍കും.
റിപ്പബ്ലിക് ദിന പരേഡില്‍ 22 പ്ലറ്റൂണുകളിലായി 800 ഓളം പേര്‍ അണിനിരക്കും. പോലീസ്, വനംവകുപ്പ്. എക്‌സൈസ്, ഫയര്‍ഫോഴ്‌സ് എന്നിവ കൂടാതെ എന്‍ സി സി, സ്റ്റുഡന്റ് പോലീസ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ് എന്നിവർ പരേഡില്‍ അണിനിരക്കും. കട്ടപ്പന ഗവ. കോളേജ്, മുരിക്കാശ്ശേരി പാവനാത്മ കോളേജ്, പൈനാവ് കേന്ദ്രീയ വിദ്യാലയം, കുളമാവ് നവോദയ വിദ്യാലയം എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ പരേഡില്‍ പങ്കെടുക്കും. പരേഡിനുള്ള പരിശീലനവും റിഹേഴ്‌സലും 23 ന് രാവിലെ 8 മണിക്ക് ഐ ഡി എ മൈതാനത്ത് ആരംഭിക്കും. പോലീസ്, പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി, സിവില്‍ സപ്ലൈസ് വകുപ്പ്, കെ എസ് ഇ ബി, ആരോഗ്യവകുപ്പ്, വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്തുകള്‍, ഇടുക്കി താലൂക്ക് ഓഫീസ് എന്നിവ പരേഡിനാവശ്യമായ സജ്ജീകരണങ്ങള്‍ മൈതാനത്ത് ഏര്‍പ്പെടുത്തും.
കളക്ടറുടെ ചേംബറില്‍ ചൊവ്വാഴ്ച ഉച്ചക്ക് ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, സബ് കളക്ടര്‍ അരുണ്‍ എസ് നായര്‍, എ ഡി എം ഷൈജു പി ജേക്കബ്, ഇടുക്കി തഹസീല്‍ദാര്‍ ജെയ്ഷ് ചെറിയാന്‍, ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍, തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.