ഏജീസ് ഓഫിസ് വളപ്പിലെ അപൂർവ്വയിനം മാവിന്റെ ഗ്രാഫ്റ്റ് ചെയ്ത തൈ മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയേറ്റിലെ സമരഗേറ്റിനു സമീപം നട്ടു. മാവിനത്തെ സംരക്ഷിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നട്ടു പിടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആദ്യ മാവിൻതൈ സെക്രട്ടറിയേറ്റ് വളപ്പിൽ നട്ടത്. 100 വർഷത്തിലേറെ പഴക്കമുള്ള മാവിന്റെ നൂറോളം  കമ്പുകൾ ശേഖരിച്ചു കേരളസർവ്വകലാശാലയിലെ ജൈവവൈവിധ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗ്രാഫ്റ്റ് ചെയ്താണ് തൈകൾ ഉണ്ടാക്കിയത്.

ഏജീസ് ഓഫിസിന്റെ പേരിലെ എ ജി എന്നീ ഇംഗ്‌ളീഷ് അക്ഷരങ്ങൾക്കൊപ്പം മാങ്ങാ എന്നതിന്റെ ഹിന്ദി വാക്കായ ആം എന്നതും ചേർത്ത് അഗാം (AG – AAM ) എന്നാണ് പ്രത്യേക ഇനം മാവിന് പേര് നൽകിയിരിക്കുന്നത്. ഈ മാവിൽ കായ്ക്കുന്ന മാങ്ങയ്ക്ക് ഏകദേശം രണ്ടു കിലോയോളമാണ് തൂക്കം. ഏതു സീസണിലും നിറയെ മാങ്ങകളുണ്ടാകും. കൃഷി മന്ത്രി പി പ്രസാദ്, സിൻഡിക്കേറ്റ് അംഗങ്ങൾ, രജിസ്ട്രാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.