കേരള സ്‌റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ് അക്കാഡമികളിലേക്കുള്ള സോണൽ സെലക്ഷൻ ജനുവരി 18 മുതൽ 24 വരെ നടക്കും.

2023-24 അധ്യയന വർഷത്തെ 7, 8 ക്ലാസുകളിലേക്കും, പ്ലസ് വൺ, കോളേജ് ഡിഗ്രി ഒന്നാം വർഷത്തേക്കും അണ്ടർ-14 വിമൺ ഫുട്‌ബോൾ അക്കാഡമിയിലേക്കുമാണ് കായികതാരങ്ങളെ തിരെഞ്ഞെടുക്കുന്നത്.

സ്വിമ്മിങ്, ബോക്‌സിങ്, ജൂഡോ, ആർച്ചറി, റസ്ലിങ്, തയ്‌ക്വോണ്ടോ, സൈക്ലിംഗ്, നെറ്റബോൾ, കബഡി, ഖോ ഖോ, ഹോക്കി, ഹാൻഡ്‌ബോൾ എന്നീ കായികയിനങ്ങളിലേക്ക് നേരിട്ടാണ് സോണൽ സെലക്ഷൻ നടത്തുന്നത്. അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, വോളിബോൾ, ബാസ്‌കറ്റ്‌ബോൾ  എന്നിവയിൽ ജില്ലാതല സെലക്ഷനിൽ യോഗ്യത നേടയവർക്ക് സോണൽ സെലക്ഷനിൽ പങ്കെടുക്കാം. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ കുട്ടികൾക്ക് 18ന് സ്‌കൂൾ, പ്ലസ് വൺ വിഭാഗത്തിലേക്കും 19 ന് അണ്ടർ 14 ഗേൾസ് ഫുട്‌ബോൾ, കോളേജ് തലത്തിലേക്കുമുള്ള സെലക്ഷൻ കണ്ണൂർ പോലീസ് സ്‌റ്റേഡിയത്തിൽ നടക്കും. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ കുട്ടികൾക്ക് 20ന് സ്കൂൾ, പ്ലസ് വൺ വിഭാഗത്തിനും 21ന് കോളേജ്, അണ്ടർ 14 ഗേൾസ് ഫുട്ബാൾ വിഭാഗത്തിനുമുള്ള തിരഞ്ഞെടുപ്പ് കോഴിക്കോട് ഈസ്റ്റ് ഹിൽ ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിൽ നടക്കും. 22ന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ കുട്ടികൾക്കും 23ന് ചങ്ങനാശേരി എസ്.ബി. കോളേജിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ കുട്ടികൾക്കും 24ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കുട്ടികൾക്കുമുള്ള സെലക്ഷൻ നടക്കും.