മകരജ്യോതി ദര്‍ശനത്തിന് എത്തുന്ന അയ്യപ്പഭക്തര്‍ തീര്‍ക്കുന്ന പര്‍ണ്ണശാലകളില്‍ അഗ്‌നികൂട്ടുകയും ഭക്ഷണം പാചകം ചെയ്യുന്ന രീതി ഇല്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നതിനായി പോലീസിന്റെ നേതൃത്വത്തില്‍ പരിശോധന സംഘടിപ്പിച്ച് ബോധവല്‍ക്കരണം നടത്തി. പര്‍ണ്ണശാലകളില്‍ അഗ്‌നി കൂട്ടാന്‍ അനുവദിക്കരുതെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

തീപിടുത്തം മൂലമുള്ള അപകടം ഒഴിവാക്കുന്നതിനായി പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വലിയ പാത്രങ്ങള്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണമുണ്ട്. പാചകം ചെയ്യാന്‍ ആവശ്യമായ പാത്രങ്ങള്‍ സന്നിധാനത്തെ കടകളില്‍ വില്‍പ്പന നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.
അയ്യപ്പ ഭക്തര്‍ പര്‍ണ്ണശാലകള്‍ തീര്‍ത്തിട്ടുള്ള ഇടങ്ങളില്‍ മെഗാഫോണിലൂടെ അറിയിപ്പ് നല്‍കിയാണ് സന്നിധാനം സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ബോധവല്‍ക്കരണം നടത്തിയത്. ദര്‍ശനം കഴിഞ്ഞ ശേഷം മടങ്ങുമ്പോള്‍ തിരികെ നല്‍കാമെന്നറിയിച്ച് പാചകത്തിനും മറ്റുമായി ഭക്തര്‍ കൊണ്ടുവന്ന സാധന സാമഗ്രികള്‍ പോലീസ് മറ്റൊരിടത്തേക്ക് നീക്കി. പര്‍ണ്ണശാലകളില്‍ അഗ്‌നി കൂട്ടിയാല്‍ ഉണ്ടാവാന്‍ ഇടയുള്ള അപകട സാധ്യത പോലീസ് അയ്യപ്പ ഭക്തരെ പറഞ്ഞ് ബോധ്യപ്പെടുത്തി.

മകരവിളക്കിന് തീര്‍ത്ഥാടകര്‍ പര്‍ണ്ണശാല കെട്ടി കാത്തിരിക്കുന്ന പാണ്ടിത്താവളമടക്കമുള്ള സ്ഥലങ്ങളില്‍ ആവശ്യത്തിന് വെളിച്ചം നല്‍കാനുളള അവസാനവട്ട ജോലികളിലാണ് കെ എസ് ഇ ബി ജീവനക്കാര്‍.