ശബരിമല സന്നിധാനം സ്ഥിതി ചെയ്യുന്ന പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ വനം വകുപ്പിന് സ്പെഷല്‍ കമ്മീഷണര്‍ ജില്ലാ ജഡ്ജ് എം. മനോജ് നിര്‍ദേശം നല്‍കി. ഉള്‍വനത്തില്‍പോലും മാലിന്യം തള്ളുന്നുവെന്ന് വനം വകുപ്പ് ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് വനവിശുദ്ധി കാത്തുസൂക്ഷിക്കാന്‍ കടുത്ത നടപടി സ്വീകരിക്കാനുള്ള നിര്‍ദേശം. ശരണപാതകളില്‍ വനഭൂമിയിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം നീക്കം ചെയ്യാന്‍ വന സംരക്ഷണ സമിതിയുടെ സേവനം ഉപയോഗപ്പെടുത്താനും നിര്‍ദേശിച്ചു. മാലിന്യങ്ങള്‍ വന്യജീവികളെ ദോഷകരമായി ബാധിക്കുമെന്നതിനാലാണിത്.

മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ സ്പെഷല്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം അവലോകനം ചെയ്തു. മകരവിളക്കിന് ശേഷമുള്ള സന്നിധാനത്തെയും പരിസരത്തെയും മാലിന്യങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ നീക്കം ചെയ്യുമെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു. വിശുദ്ധി സേനാംഗങ്ങളും അയ്യപ്പ സേവാ സംഘവും ശുചീകരണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ യോഗം അഭിനന്ദിച്ചു.

പുല്ലുമേട് പാത വഴി ജനുവരി 19 വരെ തീര്‍ഥാടകരെ കടത്തിവിടാന്‍ പോലീസ് സ്പെഷല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കി. ദേവസ്വം ബോര്‍ഡിന്റെയും വിവിധ വകുപ്പുകളുടെയും ഏകോപിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ സുരക്ഷിതവും സുഗമവുമായ ദര്‍ശനം ഉറപ്പാക്കാന്‍ സാധിച്ചതായി യോഗം വിലയിരുത്തി. തീര്‍ഥാടകരെ മുന്‍നിശ്ചയിച്ച പ്രകാരമുള്ള പാതകളിലൂടെ സുരക്ഷിതമായി മലയിറക്കാനായി. വരും വര്‍ഷങ്ങളില്‍ തീര്‍ഥാടനം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
യോഗത്തില്‍ എഡിഎം പി വിഷ്ണുരാജ്, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച് കൃഷ്ണകുമാര്‍, പോലീസ് സ്പെഷല്‍ ഓഫീസര്‍ ഇ എസ് ബിജുമോന്‍, ഡ്യൂട്ടി മജിസ്ട്രേറ്റ് അനില്‍ സിഎസ്, ആര്‍എഎഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി വിജയന്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.