കുഷ്ഠരോഗ നിര്‍മാര്‍ജന ലക്ഷ്യവുമായി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലയിലെ അശ്വമേധം ഭവന സന്ദര്‍ശന പരിപാടിയുടെ അഞ്ചാം ഘട്ടം ജനുവരി 18 ന് തുടങ്ങും. കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ജനുവരി 18 മുതല്‍ രണ്ടാഴ്ചക്കാലം വരെയാണ് അശ്വമേധം ഭവന സന്ദര്‍ശന പരിപാടി നടത്തുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തൊഴില്‍ വകുപ്പ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
2018-2022 വര്‍ഷങ്ങളില്‍ നാല് ഘട്ടങ്ങളിലായി ജില്ലയില്‍ അശ്വമേധം പരിപാടി സംഘടിപ്പിച്ചിരുന്നു. 2018 ഡിസംബറില്‍ നടത്തിയ ആദ്യഘട്ട ക്യാമ്പയിനില്‍ 14 ലെപ്രസി കേസുകളും 2019-20 ല്‍ 6 കേസുകളും 2020-21 ല്‍ 12 കേസുകളും 2021-22 ല്‍ 13 കേസുകളും കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. നിലവില്‍ ജില്ലയില്‍ 14 രോഗികള്‍ ചികിത്സയിലുണ്ട്. ഇതില്‍ 12 കേസുകള്‍ പകര്‍ച്ച കൂടുതലുള്ള എം.ബി കേസുകളാണ്. നിലവില്‍ ചികിത്സയിലുള്ളവരില്‍ ഒരാള്‍ അംഗവൈകല്യമുള്ളയാളാണ്.
അശ്വമേധം ഭവന സന്ദര്‍ശന പരിപാടിയിലൂടെ ജില്ലയിലെ മുഴുവന്‍ വീടുകളും ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തുകയും കുഷ്ഠ രോഗത്തിനു സമാനമായ ലക്ഷണമുള്ള ആളുകളെ കണ്ടുപിടിക്കുകയും അവരെ രോഗ നിര്‍ണയത്തിനായി ആശുപത്രിയില്‍ പോകുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. ചിട്ടയായ ഭവന സന്ദര്‍ശനവും ഗൃഹപരിശോധനയിലൂടെ കണ്ടെത്തിയ രോഗികള്‍ക്ക് തുടര്‍ ചികിത്സയും ഉറപ്പ് വരുത്തും. ഭവന സന്ദര്‍ശനത്തിനായി 1,149 ടീമിലായി 2,298 വളണ്ടിയര്‍മാരെ ജില്ലയില്‍ സജ്ജമാക്കിക്കിയിട്ടുണ്ട്. ഇതില്‍ 1149 പുരുഷ വളണ്ടിയര്‍മാര്‍ പുരുഷന്‍മാരേയും 1149 സത്രീ വളണ്ടിയര്‍മാര്‍ സ്ത്രീകളെയും ദേഹപരിശോധന നടത്തി കുഷ്ഠരോഗ സമാന ലക്ഷണങ്ങളുള്ളവരെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് റഫര്‍ ചെയ്യും.

എന്താണ് കുഷ്ഠരോഗം

ആരംഭത്തിലേ കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാവുന്ന രോഗമാണ് കുഷ്ഠരോഗം. നിറം മങ്ങിയതോ ചുവന്നതോ ആയ സ്പര്‍ശനശേഷി കുറഞ്ഞ പാടുകള്‍, പാടുകളില്‍ വേദനയോ ചൊറിച്ചിലോ ഇല്ലാതിരിക്കുക, കൈകാലുകളില്‍ മരവിപ്പ്, കട്ടിയുള്ള തിളങ്ങുന്ന ചര്‍മ്മം, തടിപ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങള്‍, വൈകല്യങ്ങള്‍ എന്നിവയാണു കുഷ്ഠരോഗ ലക്ഷണങ്ങള്‍. പ്രതിരോധ ശേഷി കുറഞ്ഞവരിലാണു രോഗം പ്രത്യക്ഷപ്പെടാറുള്ളത്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചതിനു ശേഷം 3 മുതല്‍ 5 വര്‍ഷം വരെയാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കു മാത്രമേ കുഷ്ഠരോഗം പകരുകയുള്ളു. വിവിധ ഔഷധ ചികിത്സയിലൂടെ ഏതവസ്ഥയിലും കുഷ്ഠരോഗം പരിപൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും. രോഗാണു സാന്ദ്രത കുറഞ്ഞ കേസുകള്‍ 6 മാസത്തെ ചികിത്സയും കൂടിയ കേസുകള്‍ 12 മാസത്തെ ചികിത്സയും എടുക്കണം. കുഷ്ഠ രോഗത്തിനുള്ള ചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്.