ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഒന്ന് മുതൽ 19 വയസ്സ് വരെ പ്രായമുള്ള 16,53,000 കുട്ടികൾക്കും വിരനശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളികകൾ വിതരണം ചെയ്യും. കുട്ടികളിൽ കണ്ടു വരുന്ന ആരോഗ്യ പ്രശ്നമായ വിളർച്ചയുടെ പ്രധാന കാരണം വിരബാധയാണ്. ആറു മാസത്തിലൊരിക്കൽ വിരനശീകരണത്തിനായി ആൽബൻഡസോൾ ഗുളിക കഴിക്കുന്നത് വിളർച്ച തടയുകയും കുട്ടികളൂടെ ശാരീരിക വളർച്ച ഉറപ്പാക്കുകയും ചെയ്യും. ഒന്ന് മുതൽ 19 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് സ്‌കൂളുകളിലും അങ്കണവാടികളിലും വെച്ചാണ് ആൽബൻഡസോൾ ഗുളികകൾ വിതരണം ചെയ്യുന്നത്.

ഒന്ന് മുതൽ രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് അരഗുളികയും രണ്ട് മുതൽ മൂന്ന് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഒരുഗുളികയും തിളപ്പിച്ചാറ്റിയ വെള്ളത്തിൽ അലിയിച്ച് കൊടുക്കണം. മൂന്ന് മുതൽ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ ഉച്ച ഭക്ഷണത്തിന് ശേഷം ഒരുഗുളിക ഒരു ഗ്ലാസ്സ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. കുട്ടികൾ ആൽബൻഡസോൾ ഗുളികകൾ കഴിച്ചു എന്ന് മാതാപിതാക്കളും അദ്ധ്യാപകരും ഉറപ്പാക്കണ മെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.