നാളികേരത്തിൻ്റെ വിവിധ മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കണമെന്നു കൃഷിമന്ത്രി പി. പ്രസാദ്. താമരക്കുളം ഗ്രാമപഞ്ചായത്തിന് അനുവദിച്ച കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നാളികേര കൃഷിയുടെ പ്രാധാന്യവും ഉത്‌പാദനക്ഷമതയും വർധിപ്പിച്ച് കേരകർഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിവരുന്ന പദ്ധതിയാണ് കേരഗ്രാമം. നാളികേര കൃഷി വ്യാപിപ്പിക്കുക, നിലവിലുള്ള തെങ്ങുകളെ സംരക്ഷിക്കുക, തേങ്ങയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ച് വിപണനം നടത്തി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.

കേരഗ്രാമം പദ്ധതിയുടെ മൂന്ന് വർഷ കാലാവധി കഴിഞ്ഞാലും കർഷകന് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് ഒരു തുടർച്ച ഉണ്ടാകണം. അതിന് തദ്ദേശ സ്ഥാപനങ്ങൾ പദ്ധതികൾ ഉപയോഗപ്പെടുത്തണം. താമരക്കുളത്തിൻ്റെ സ്വന്തം ബ്രാൻഡിൽ വെളിച്ചെണ്ണയുൾപ്പെടെയുള്ള മൂല്യവർദ്ധിത ഉത്‌പന്നങ്ങൾ വിപണിയിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയള്ള പ്രവർത്തനങ്ങൾ ഈ വർഷം തന്നെ സംഘടിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിറ്റഴിഞ്ഞുകിട്ടുന്ന ലാഭത്തിൻ്റെ ഒരംശം കർഷകന് തിരികെ നൽകണമെന്ന് അദ്ദേഹം വ്യക്തമാക്കി.

മാവേലിക്കര എം.എൽ.എ. എം. എസ് അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി ടി. നീണ്ടിശ്ശേരി പദ്ധതി വിശദീകരിച്ചു , പഞ്ചായത്തിലെ മുതിർന്ന കേര കർഷകൻ കെ.ആർ രാമചന്ദ്രനെയും കർഷക തൊഴിലാളി ദാമോദരൻ മാവുള്ളതിലിനെയും മന്ത്രി ചടങ്ങിൽ ആദരിച്ചു. പദ്ധതി പ്രകാരമുള്ള കാർഷികോപകരണങ്ങളുടെ വിതരണം എം.എൽ.എ. നിർവ്വഹിച്ചു. താമരക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ജി.വേണു സ്വാഗതം പറഞ്ഞു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കുസുമം തോമസ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് രജനി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നികേഷ് തമ്പി, കെ. ഷാര, ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിനു ഖാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശാന്തി സുഭാഷ്, സുരേഷ് തോമസ് നൈനാൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈജ അശോകൻ, കൃഷി അസിസ്റ്റൻറ് ഡയറക്ടർ രജനി പി., ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി.ബി. ഹരികുമാർ, ദീപ ജ്യോതിഷ് , ദീപ ആർ., കൃഷി ഓഫീസർ ദിവ്യശ്രീ, പഞ്ചായത്ത് സെക്രട്ടറി എ.ജി. അനിൽകുമാർ കേരഗ്രാമം പ്രസിഡൻ്റ് വി. ശിവൻപിള്ള സെക്രട്ടറി വി. തുളസീധരൻ, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി വിവിധ സർക്കാർ ഏജൻസികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബ്ലോക്കുതല കാർഷിക മേളയും സംഘടിപ്പിച്ചു. തെങ്ങു കൃഷിയെ ആസ്പദമാക്കിയ കാർഷിക സെമിനാർ കായംകുളം സി.പി.സി.ആർ.ഐ. പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. എ ജോസഫ് രാജ് നേതൃത്വം നൽകി.