ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളിലെ ചര്‍മ്മ മുഴ രോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം പുല്‍പ്പള്ളിയില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ”എന്റെ പൈക്കിടാവ്” മാതൃകാ ഗ്രാമപഞ്ചായത്ത് പദ്ധതി ആനുകൂല്യ വിതരണത്തിന്റെയും കര്‍ഷക പരിശീലന പദ്ധതിയുടെയും ഉദ്ഘാടനവും നടന്നു. പുല്‍പ്പള്ളി മൃഗാശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സീന ജോസ് പല്ലന്‍ പദ്ധതി വിശദീകരിച്ചു. കാലിത്തീറ്റ പെര്‍മിറ്റ് വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു നിര്‍വ്വഹിച്ചു.

സംസ്ഥാനമൊട്ടാകെ ഫെബ്രുവരി 24 വരെ  ചര്‍മ്മമുഴ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്‍ നടക്കും. ജില്ലയില്‍ 78 വാക്സിനേഷന്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് കുത്തിവെപ്പ് നടത്തുന്നത്. കന്നുകാലികളിലെ ഉല്‍പ്പാദനക്ഷമതയെയും രോഗപ്രതിരോധശേഷിയെയും ഗണ്യമായി ബാധിക്കുന്ന അതിതീവ്ര വ്യാപനശേഷിയുള്ള വൈറസ് രോഗമാണ് ചര്‍മ്മമുഴ. കഠിനമായ പനി, പാലുല്‍പ്പാദനത്തില്‍ ഗണ്യമായ കുറവ്, ലസികാഗ്രന്ഥി വീക്കം, കൈകാലുകളില്‍ നീര്‍ക്കെട്ട്, ചര്‍മ്മത്തില്‍ മുഴകള്‍ പ്രത്യക്ഷപ്പെടുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. ചര്‍മ്മ മുഴ രോഗത്തിന് പകര്‍ച്ചാ നിരക്ക് 2-45 ശതമാനവും മരണനിരക്ക് 10 ശതമാനത്തില്‍ താഴെയാണെങ്കിലും രോഗംമൂലം ഉണ്ടാവുന്ന ഏറെ നാളത്തെ ഉല്‍പാദന പ്രതുല്‍പാദന നഷ്ടം വളരെ കൂടുതലാണ്. ഈ അസുഖത്തിന് കൃത്യമായ ചികിത്സ ഇല്ലാത്തതിനാല്‍ പ്രധിരോധ കുത്തിവെപ്പ് മാത്രമാണ് രോഗനിയന്ത്രണത്തിനുള്ള മാര്‍ഗം.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.ഡി കരുണാകരന്‍ ശ്രീദേവി മുല്ലയ്ക്കല്‍, ജോളി നരിതൂക്കില്‍, ഉഷ ടീച്ചര്‍, മണി പാമ്പനാല്‍, അനില്‍ സി. കുമാര്‍, സിന്ദു സാബു, സോജി സോമന്‍, ഡോ. കെ. ജയരാജ്, ഡോ. കെ.എസ് പ്രേമന്‍, ഡോ. അനിന്‍ സഖറിയ, ഡോ. എ. സിനി, ഡോ. വി.ആര്‍ താര, ഡോ. എസ്. ദയാല്‍, സെക്രട്ടറി വി.ഡി. തോമസ്, ബൈജു നമ്പിക്കൊല്ലി തുടങ്ങിയവര്‍ സംസാരിച്ചു.