പ്രായം വെറും നമ്പർ മാത്രമാണെന്ന് ഓർമിപ്പിച്ച് ജീവിതത്തിൽ പുതിയ പാതകൾ കണ്ടെത്താൻ വയോജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് വനിതാ കമ്മീഷന്റെ സംസ്ഥാന സെമിനാർ. കേരള വനിതാ കമ്മീഷനും സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷനും വനിതാവിങ്ങും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന സെമിനാറിലാണ് വയോജനങ്ങളായ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്തത്.

നമ്മളാണ് ഈ സമൂഹത്തെ നയിക്കുന്നതെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണമെന്ന് വയോജനങ്ങളോട് ആഹ്വാനം ചെയ്താണ് ജെന്റർ അഡൈ്വസര്‍ ഡോ.ടികെ ആനന്ദി ക്ലാസ് നയിച്ചത്. ലിംഗനീതിയും ഭരണഘടനയും എന്ന വിഷയത്തില്‍ നടന്ന സെമിനാർ വയോജന ക്ഷേമത്തിലെ വിവിധ തലങ്ങൾ ചർച്ച ചെയ്തു. ആയുർദൈർഘ്യം വർധിക്കാൻ മെച്ചപ്പെട്ട ആരോഗ്യസംവിധാനം വയോജനങ്ങളെ സഹായിച്ചു. വയോജന ക്ഷേമം മുൻ നിർത്തി വിവിധ പദ്ധതികളാണ് സർക്കാരിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. നിയമത്തിന്റെ പരിരക്ഷ വയോജനങ്ങൾക്ക് ഉണ്ടെങ്കിലും കുടുംബങ്ങളിൽ ജനാധിപത്യം പുലരേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് സെമിനാർ ഊന്നിപ്പറഞ്ഞു. പരസ്പരം ചർച്ച ചെയ്യാനും പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള സമയം കണ്ടെത്തണം. ഒരു വ്യക്തിയെ രൂപപ്പെടുത്തി എടുക്കുന്നതിൽ കുടുംബത്തിന് പ്രാധാന്യമുണ്ട്. എന്നാൽ കുടുംബത്തിനുള്ളിൽ അഴിച്ചുപണി നടത്താതെ കേരളത്തിന് മുന്നോട്ട് പോകാനാകില്ലെന്നും ഡോ.ടികെ ആനന്ദി പറഞ്ഞു.

വയോജന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ സാമൂഹികനീതി വകുപ്പ് മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കെ കൃഷ്ണമൂർത്തി ക്ലാസ് നയിച്ചു. സാമൂഹിക സാമ്പത്തിക പരിഗണന കൂടാതെ മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിനും ക്ഷേമത്തിനും പരിരക്ഷ നൽകുന്ന സംസ്ഥാനമാണ് കേരളം. വിവിധ പദ്ധതികളിലൂടെ വയോജന മേഖലയുടെ പുരോഗതിയ്ക്കായി സമഗ്രമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. വയോജനങ്ങളുടെ ശാരീരികവും മാനസികവുമായ കാര്യങ്ങളില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്നും സെമിനാർ വിശദീകരിച്ചു. ഇവര്‍ക്ക് എല്ലാ രീതിയിലുള്ള കരുതലും സംരക്ഷണവും നല്‍കുന്നതോടൊപ്പം സുസ്ഥിരവും സന്തോഷകരവുമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കികൊടുക്കുക എന്നത് പ്രധാനമാണ്. സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പുരോഗമിക്കുന്ന വയോരക്ഷ, വയോമധുരം, വയോ അമൃതം, മന്ദഹാസം, സായംപ്രഭ തുടങ്ങി വിവിധ വയോജന ക്ഷേമ പദ്ധതികൾ സംബന്ധിച്ചുള്ള വിവരങ്ങളും സെമിനാറിൽ പങ്കുവെച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ സെമിനാറിന്റെ ഭാഗമായി.