പട്ടികവർഗ വിഭാഗത്തിന് വേണ്ടത് സമഗ്രമായ സാമൂഹ്യ സാമ്പത്തിക വളർച്ചയാണെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നോക്കക്ഷേമ, ദേവസ്വം പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പട്ടികവർഗ വികസന വകുപ്പ് ചേലക്കര, കളപ്പാറ പട്ടികവർഗ കോളനിയിൽ ഒരു കോടി രൂപയ്ക്ക് നടപ്പാക്കുന്ന അംബേദ്കർ സെറ്റിൽമെന്റ് 2021 പദ്ധതിയുടെ ഭാഗമായുള്ള പ്രത്യേക ഊരുക്കൂട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള വിവിധ പദ്ധതികൾ സർക്കാരിന്റെ നേതൃത്വത്തിൽ സമയബന്ധിതമായി പൂർത്തീകരിക്കാനായി. വിദ്യാഭ്യാസത്തിനും തൊഴിലിനും അവസരം ഒരുക്കി സ്വന്തം കാലിൽ നിൽക്കാൻ അവരെ പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്.
പൊതുസമൂഹത്തോടൊപ്പം പട്ടികജാതി പട്ടികവർഗ വിഭാഗത്തിനെയും ഉയർത്താൻ കഴിയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.അടിസ്ഥാന സൗകര്യങ്ങളായ റോഡ്, കുടിവെള്ള പദ്ധതി, ഭവന നവീകരണ പദ്ധതി, കമ്മ്യുണിറ്റി ഹാൾ, ലൈബ്രറി എന്നിവയാണ് ഒരു കോടിയുടെ അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി വഴി നടപ്പാക്കുക. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംകെ പത്മജ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെഎം അഷറഫ്, ജില്ലാ പഞ്ചായത്തംഗം കെആർ മായ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച് ഷലീൽ , വാർഡ് മെമ്പർ പിസി മണികണ്ഠൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി മുരുകേശൻ , ഊരു മൂപ്പൻ സുരേഷ്, പട്ടികവർഗ വികസന ഓഫിസർ ഷമീന എം തുടങ്ങിയവർ പങ്കെടുത്തു.