കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കേന്ദ്ര സംഘം ജില്ലയിലെത്തി റേഷന്‍ കടകളുടെ പ്രവര്‍ത്തനം വിലയിരുത്തി. ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ 5000 പൊതുവിതരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് അവയുടെ പ്രവര്‍ത്തന രീതിയും ഭൗതിക സാഹചര്യങ്ങളും വിലയിരുത്തുന്നതിന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം നടപ്പാക്കിയ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുള്ള കേന്ദ്ര സംഘമാണ് ജില്ലയിലെത്തിയത്. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി രാജേഷ് കുമാര്‍ പാണ്ഡെ, എ.എസ്.ഒ വിശാല്‍ ചന്ദ് ആഗ്രഹാരി എന്നിവരടങ്ങിയ സംഘമാണ് ജില്ലയിലെ വിവിധ റേഷന്‍കടകള്‍ സന്ദര്‍ശിച്ചത്.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് റേഷന്‍കടകളുടെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരവും മാതൃകാപരവുമാണെന്ന് രാജേഷ് കുമാര്‍ പാണ്ഡെ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള സംവിധാനങ്ങള്‍ റേഷന്‍ കടകളില്‍ സജ്ജീകരിച്ചതിലും സംഘം തൃപ്തി അറിയിച്ചു.ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി റേഷന്‍കടകളില്‍ വിവിധ വകുപ്പുകളുടെ ഓണ്‍ലൈന്‍ സംവിധാനം ലഭ്യമാക്കാന്‍ സിറ്റിസണ്‍സ് കോമണ്‍ സര്‍വ്വീസ് സെന്റര്‍ തുടങ്ങണമെന്നും ഗുണഭോക്താക്കളുടെ വിരലടയാള പരിശോധനാ സംവിധാനമായ ഇ പോസ് മെഷീന്‍ ഇലക്ട്രോണിക് ത്രാസുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്ര സംഘം നിര്‍ദേശിച്ചു.

പൊതുവിതരണ കമ്മീഷണറേറ്റിലെ ഐ ടി സെല്‍ സീനിയര്‍ സൂപ്രണ്ട് മുഹമ്മദ് നിസാര്‍, കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് ഓഫീസര്‍ (നോര്‍ത്ത്) പി പ്രമോദ്, കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസര്‍ (സൗത്ത്) അബ്ദുള്‍ ഖാദര്‍. യു, കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ എന്‍ .ജി ബാലചന്ദ്രന്‍, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസര്‍ ലളിതാ ഭായ്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ്. പി, അല്‍ത്താഫ് അഹമ്മദ്, കബീര്‍ ടി ടി, ജയന്‍ പണിക്കര്‍, സുഭാഷ്. സി, ദിനേശ് എം.ബി, ശോഭന പി.കെ, ജില്ലാ പ്രൊജക്റ്റ് മാനേജര്‍ അഖില്‍. എല്‍.ബി എന്നിവരും കേന്ദ്ര സംഘത്തോടൊപ്പമുണ്ടായിരുന്നു