കേരളത്തിലെ എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ഭൂമി വിതരണത്തിന്റെ വേഗത വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാനത്ത് പട്ടയമിഷന്‍ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ ജില്ലാ കളക്ടേഴ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമി പതിവ് നിയമത്തിലെ ഓരോ ചട്ടങ്ങളുടെയും അനന്തമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നിയമവശങ്ങള്‍ പരിശോധിച്ച് പരമാവധി പേരെ ഭൂമിയുടെ ഉടമകളാക്കാന്‍ കഴിയുന്ന പട്ടയമിഷനാണ് ആരംഭിക്കുന്നത്. മലയോര മേഖലയിലെയും ആദിവാസി മേഖലയിലെയും ജനങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യുന്നതിനായി പ്രത്യേക ഏകീകൃത പ്രവര്‍ത്തന മാര്‍ഗരേഖയും യോഗത്തില്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച ആലോചനകളും യോഗത്തില്‍ നടന്നു. മറ്റു വകുപ്പുകളുടെ ഭൂമിയില്‍ ദീര്‍ഘകാലമായി കുടിയേറി താമസിക്കുന്നവര്‍ക്ക് ഭൂമിയുടെ അവകാശം ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരികയാണ്. ഇതിനായി വൈദ്യുതി, ജലസേചനം, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം, വനം വകുപ്പുകളിലെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും. ഇതിനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. റീസര്‍വേ നടപടികളുടെ യഥാര്‍ഥ പൂര്‍ത്തീകരണത്തിനായി കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സെറ്റില്‍മെന്റ് ആക്ട് നടപ്പാക്കാനുള്ള നടപടികളും പരിഗണിച്ചുവരികയാണെന്ന് മന്ത്രി അറിയിച്ചു.

ഒരു വര്‍ഷത്തിനകം റവന്യൂ വകുപ്പിനെ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക ഉപയോഗിച്ചും എംഎല്‍എമാരുടെ പ്രത്യേക നിധിയില്‍ നിന്നും വില്ലേജ് ഓഫീസുകളിലേക്കും താലൂക്ക് ഓഫീസുകളിലേക്കും ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് അനുമതി ലഭ്യമായിട്ടുണ്ട്. 2023 നവംബര്‍ ഒന്നിനകം വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടേറിയറ്റ് വരെ എല്ലാ ഓഫീസുകളും ഓണ്‍ലൈനാക്കുന്നതിനും ഇതിനാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനും ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സുതാര്യതയും വേഗതയും വര്‍ധിപ്പിച്ചുകൊണ്ട് കുറഞ്ഞ കാലത്തിനുളളില്‍ എല്ലാ രേഖകളും വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന വിധത്തില്‍ റവന്യൂ വകുപ്പിനെ കൂട്ടിയോജിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിലും നടന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ജില്ലകളില്‍ പുതുതായി നടപ്പാക്കേണ്ട സ്ട്രാറ്റജി തീരുമാനിക്കുകയും ചെയ്തു.

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന ഓണ്‍ലൈന്‍ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കും. ഇതുമായി ബന്ധപ്പെട്ട ചുമതലയുള്ള സബ് കളക്ടര്‍മാര്‍ക്കും ആര്‍ഡിഒമാര്‍ക്കും വേണ്ടി പ്രത്യേക ശില്‍പ്പശാല സംഘടിപ്പിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയാറാക്കാനും യോഗം തീരുമാനിച്ചു.

സര്‍വേ നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി. നാലു വര്‍ഷത്തിനുള്ളില്‍ റീസര്‍വേ പൂര്‍ത്തിയാക്കുന്നതിനായി ഓരോ ജില്ലകളിലും പ്രത്യേക പരിശോധനകള്‍ ന
ടത്തി വരുന്നുണ്ട്. ആറു മാസത്തിനുള്ളില്‍ 200 വില്ലേജുകള്‍ എന്ന ക്രമത്തില്‍ പട്ടിക തയാറാക്കിയാണ് നടപടി മുന്നോട്ട് പോകുന്നത്. ആവശ്യമായ ഉപകരണങ്ങളും സാങ്കേതികവിദ്യയും താത്കാലിക ജീവനക്കാരെയും സജ്ജമാക്കിയിട്ടുണ്ട്.

റവന്യൂ വകുപ്പിനെ സംബന്ധിച്ച് നിരവധി നിയമഭേദഗതികളിലൂടെ കടന്നുപോകേണ്ട ഘട്ടം കൂടിയാണിത്. നേരത്തേ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത് പ്രകാരം ഭൂ പതിവ് നിയമത്തില്‍ വരുത്തേണ്ട ഭേദഗതികള്‍ സംബന്ധിച്ച കരട് തയാറാക്കി വരികയാണ്. ഇതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.

റവന്യൂ, സര്‍വേ വകുപ്പുകള്‍ക്കൊപ്പം ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും യോഗം ചര്‍ച്ച ചെയ്തു. കേരളത്തിലെ ആദ്യത്തെ നാഷണല്‍ ഹൗസിംഗ് പാര്‍ക്ക് 2023 ല്‍ തന്നെ പൂര്‍ത്തിയാക്കും. ദുരന്ത നിവാരണ പ്രക്രിയകളില്‍ പങ്കാളികളാകുന്നതിന്റെ സാധ്യതകളും അതിനായുള്ള മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്തു. ലക്ഷം വീട് പദ്ധതി 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ എം.എന്‍. സുവര്‍ണ്ണ ഭവനങ്ങള്‍ പദ്ധതിയും ചര്‍ച്ച ചെയ്തു.

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തോടെ റവന്യൂ വകുപ്പ് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും കൂടുതല്‍ വേഗതയിലാക്കാനുമുള്ള ശ്രമമാണ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ റവന്യൂ വകുപ്പ് നടത്തേണ്ട ഇടപെടലുകള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. എല്ലാ ഉദ്യോഗസ്ഥരും അവരുടെ താഴെയുള്ള ഉദ്യോഗസ്ഥ വിഭാഗങ്ങളെ പരിശോധിക്കുന്ന വിധത്തില്‍ കര്‍ശനമായ പരിശോധനാ സംവിധാനം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള പദ്ധതി തയാറാക്കി. അഡീഷണല്‍ ചീഫ് സെക്രട്ടറി ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ താഴെയുളള കളക്ടറേറ്റുകളും പരിശോധിക്കും. റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ വേഗത വര്‍ധിപ്പിക്കുന്നതിനായി വില്ലേജ് തലം വരെ ഈ പരിശോധന നീളും.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി അവലോകനം, പ്ലാന്‍ ഫണ്ട് ചെലവ് വിവരം, ജീവനക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം, നദീതീര വികസന പദ്ധതി, പാട്ടക്കുടിശിക, ഡിജിറ്റൈസേഷന്‍, വണ്‍ ടൈം സര്‍ട്ടിഫിക്കേഷന്‍, 2022-23 സാമ്പത്തിക വര്‍ഷത്തെ പിരിവ് അവലോകനം, ഓണ്‍ലൈന്‍ പോക്കുവരവ്, മലയോര-പട്ടിക വര്‍ഗ പട്ടയം വിതരണത്തിനുള്ള കര്‍മ്മ പദ്ധതി, സുനാമി പട്ടയം, മത്സ്യത്തൊഴിലാളി പട്ടയം, കോളനി പട്ടയം, സര്‍ക്കാര്‍ ഭൂമിയുടെ സംരക്ഷണം, പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ജില്ലാതല പരിശോധന സമിതി രൂപീകരണം, ജമാബന്ദി പരിശോധന, ഫയല്‍ അദാലത്ത്, താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ആന്‍ഡ് ലാന്‍ഡ് ട്രൈബ്യൂണല്‍, നൂറു ദിന കര്‍മ്മ പരിപാടി, ഐഎല്‍ഡിഎം, കോവിഡ് എക്‌സ്-ഗ്രേഷ്യ വിതരണം, കോവിഡ് പെന്‍ഷന്‍ വിതരണം, സിഎംഒ പോര്‍ട്ടല്‍, റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, റവന്യൂ ഇ-സാക്ഷരത, വനാവകാശ നിയമം തുടങ്ങി 32 ഇന വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട കേസുകളുടെ വിശദാംശങ്ങളും യോഗത്തില്‍ വിലയിരുത്തി.

റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി. വി. അനുപമ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ ഡോ. ഡി. സജിത്ബാബു, സര്‍വെ ഡയറക്ടര്‍ ശ്രീറാം സാംബശിവ റാവു, എല്ലാ ജിലകളിലെയും ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.