വൃത്തിയുള്ള നവകേരളത്തിനായി മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ‘വലിച്ചെറിയല്‍ മുക്ത കേരളം’ പ്രചാരണ പരിപാടിക്ക് ജനുവരി 26ന് തുടക്കം.

നവ കേരള മിഷന്‍,ശുചിത്വമിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ ജനുവരി 26 മുതല്‍ 30 വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജനപങ്കാളിത്തത്തോടെ നടത്തുന്ന പൊതു ഇട ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന്‍ തുടക്കം കുറിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ശേഖരിക്കുന്ന മാലിന്യം തരംതിരിച്ച് നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ക്ലീന്‍ കേരള കമ്പനി ഏകോപിപ്പിക്കും. മാലിന്യ നിക്ഷേപം നീക്കം ചെയ്തതിനുശേഷം പ്രസ്തുത സ്ഥലങ്ങളില്‍ പൂന്തോട്ടം, പാര്‍ക്ക്, ആകര്‍ഷകമായ ചിത്രങ്ങള്‍ എന്നിവ കൊണ്ട് മനോഹരമാകി പിന്നീട് മാലിന്യം നിക്ഷേപിക്കാന്‍ തോന്നാത്ത വിധം മോടി പിടിപ്പിക്കുക എന്നതും ക്യാമ്പയിന്‍റെ ലക്ഷ്യമാണ്.

പ്രാദേശിക സംഘാടക സമിതികള്‍ രൂപീകരിച്ച് മാലിന്യ നിക്ഷേപം പൊതുഇടങ്ങളില്‍ തടയുന്നതിനുള്ള നിരീക്ഷണ സംവിധാനം ഇതോടൊപ്പം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തലങ്ങളില്‍ ഏര്‍പ്പെടുത്തും. 2025 മാര്‍ച്ച് 30 നകം കേരളത്തെ സമ്പൂര്‍ണ്ണ വലിച്ചെറിയല്‍ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ഈ ക്യാമ്പയിന് നടപ്പാക്കുന്നത്.