കാടും കാട്ടരുവിയും കാട്ടുമൃഗങ്ങളും ഉൾപ്പെടെ കാടിന്റെ വന്യതയെ കാഴ്ചക്കാർക്കു കണ്ടറിയുന്നതിനും വനവിഭവങ്ങൾ വാങ്ങുന്നതിനുമായി കേരള വനം വന്യജീവി വകുപ്പ് ഒരുക്കിയ പ്രദർശന വിപണനശാല കാഴ്ചക്കാർക്ക് കൗതുകവും വിജ്ഞാനപ്രദവുമായി. ജില്ലാ ഭരണകൂടത്തിന്റെയും കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ കാൽവരി മൗണ്ടിൽ നടക്കുന്ന ജില്ലയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെയും കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റിനോടും അനുബന്ധിച്ചാണ് കാൽവരി മൗണ്ടിൽ വനം വന്യജീവി വകുപ്പ് പ്രദർശന വിപണനശാല ഒരുക്കിയിരിക്കുന്നത്. കാടിന്റെ ആവാസവ്യവസ്ഥയെ വിളിച്ചോതുന്ന രൂപങ്ങളും ചിത്രങ്ങളുമാണ് സ്റ്റാളിൽ ക്രമീകരിച്ചിരിക്കുന്നത്.

കേരളത്തിലെ വനാന്തരങ്ങളിൽ കണ്ടുവരുന്ന കാട്ടുപോത്ത് എന്ന് നമ്മൾ അറിവില്ലായ്മകൊണ്ട് വിളിക്കുന്ന ‘കാട്ടി ‘ എന്ന ഇനത്തിൽപ്പെട്ട പോത്തിന്റെ രണ്ട് രൂപങ്ങളും അതുപോലെ പശ്ചിമഘട്ട മലനിരകളിൽ കണ്ടുവരുന്നതും വംശനാശ ഭീഷണി നേരിടുന്നതുമൂലം പ്രത്യേകമായി സംരക്ഷിച്ചുപോരുന്നതുമായ വരയാടും വലിയ കൊമ്പൻ കാട്ടാനയും കരടിയുമാണ് സ്റ്റാളിലെ മുഖ്യാകർഷണം. പേപ്പറും പ്ലാസ്റ്റർ ഓഫ് പാരിസും, സിന്തറ്റിക്കും ഉപയോഗിച്ച് നിർമ്മിച്ച ഇവയെ കണ്ടാൽ ജീവനുള്ളവയെ പോലെ തോന്നിക്കും. മുതിര്‍ന്നവരും കുട്ടികളും ഒരേ കൗതുകത്തിൽ തന്നെ കണ്ടാസ്വദിക്കുകയും ഒപ്പം നിന്ന് സെൽഫിയെടുത്തും ഫോട്ടോയെടുത്തുമാണ് സ്റ്റാളിൽ നിന്നും മടങ്ങുന്നത്.

ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥക്കു മരങ്ങളും വനങ്ങളും സംരക്ഷിച്ചു നിർത്തേണ്ടതിന്റെ ആവശ്യകത എത്രമാത്രം പ്രാധാന്യം അർഹിക്കുന്നതാണെന്ന് പ്രദർശനം വ്യക്തമാക്കുന്നു. വിവിധങ്ങളായ പക്ഷി മൃഗാദികളുടെ കൗതുകമുണർത്തുന്ന ചിത്രങ്ങളും അവയുടെ പേരും ശാസ്ത്രീയ നാമങ്ങളും ഉൾക്കൊള്ളിച്ച ചിത്രങ്ങളും സ്റ്റാളിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. കോട്ടയം ഡിവിഷൻ – അയ്യപ്പൻകോവിൽ വനം റേഞ്ചിന് കീഴിൽ കാൽവരി മൗണ്ട് വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള വാണിജ്യ സ്റ്റാളിൽ നിന്നും വനശ്രീ ഇക്കോഷോപ് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യവും ഇതിനോട് അടുത്തുതന്നെ ഒരുക്കിയിട്ടുണ്ട്. ചെറുതേൻ, വൻതേൻ, യൂക്കാലിപ്റ്റസ് ഓയിൽ, പുൽതൈലം ചന്ദനസോപ്പ്, ദന്തപ്പാല എണ്ണ, കസ്തൂരി മഞ്ഞൾ, താളിപ്പൊടി, ഇഞ്ചിതേൻ, തേൻ നെല്ലിക്ക, കൂവപ്പൊടി തുടങ്ങിയ വനവിഭവങ്ങൾ പ്രദർശനം കണ്ടിറങ്ങുമ്പോൾ ഇവിടെ നിന്നും വാങ്ങാം.