സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗവ സ്വകാര്യ ഐ.ടി.ഐകളില്‍ നിന്നും തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികളുടെ തൊഴില്‍ സാധ്യത ഉറപ്പാക്കുന്നതിന് ജില്ലാ ജോബ് ഫെയര്‍ സ്പെക്ട്രം 2023 സംഘടിപ്പിച്ചു. മലമ്പുഴ ഗവ ഐ.ടി.ഐയില്‍ നടന്ന പരിപാടി പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി ബഹുരാഷ്ട്ര പൊതു സ്വകാര്യമേഖലകളിലുള്ള 68 കമ്പനികള്‍ മേളയില്‍ പങ്കെടുത്തു. 1428 തൊഴിലവസരങ്ങള്‍ ഉണ്ടായിരുന്ന മേളയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും തൊഴില്‍ ലഭിച്ചു. പരിപാടിയില്‍ മലമ്പുഴ ഐ.ടി.ഐ ട്രെയിനികളായ അഖിലേന്ത്യ പരീക്ഷയില്‍ ടി.പി.ഇ.എസ് ട്രേഡില്‍ ഒന്നാം റാങ്ക് ലഭിച്ച എസ്. നവീന്‍ കുമാര്‍, മൂന്നാം റാങ്ക് ലഭിച്ച ടി. സജിത്ത്, എസ്.എം.ഡബ്ല്യൂ ട്രേഡില്‍ രണ്ടാം റാങ്ക് ലഭിച്ച പി.കെ മിനി എന്നിവരെയും ഗവ ഐ.ടി.ഐ പെരുമാട്ടിയില്‍ നിന്ന് എം.എ.എം ട്രേഡില്‍ ഒന്നാം റാങ്ക് നേടിയ സെബിന്‍ തോമസിനെയും അധ്യാപകരെയും ആദരിച്ചു.
മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവന്‍ അധ്യക്ഷയായ പരിപാടിയില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. ബിനോയ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ എം. സുനിത, ഐ.എം.സി ചെയര്‍മാന്‍ ആര്‍. രാധാകൃഷ്ണന്‍, പ്രൈവറ്റ് ഐ.ടി.ഐ മാനേജ്മെന്റ് പ്രതിനിധി രാജേഷ്, പി.ടി.എ പ്രസിഡന്റ് സദാനന്ദന്‍, ട്രെയിനിങ് ഓഫീസര്‍ പി.വി സുരേന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി ടി.ആര്‍ വിനോദ് കുമാര്‍, പാലക്കാട് ജില്ലാ ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയിനിങ് ആനി സ്റ്റെല്ല ഐസക്ക്, മലമ്പുഴ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ എന്‍. സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.