മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ പാറപ്പള്ളി ലക്ഷം വീട് കോളനി റോഡിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം.എൽ എ നിർവഹിച്ചു. 59 വർഷമായി നടപ്പു വഴി മാത്രമായിരുന്നു ഒന്നാം വാർഡിലുള്ള ഈ കോളനിയിലേക്കുണ്ടായിരുന്നത്. റോഡിൽ നിന്ന് അരകിലോമീറ്ററോളം ഉള്ളിലേക്ക് കിടക്കുന്ന കോളനിയിൽ 29 വീടുകളാണ് ഉള്ളത്. എം.എൽ.എ ഫണ്ടിൽ നിന്നും ലഭിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ് വഴി വീതി കൂട്ടി റോഡ് നിർമ്മിക്കുന്നത്. ഓരോ വീടിന് മുൻവശം വരെയും വാഹനങ്ങൾ എത്തുന്ന രീതിയിലാണ് റോഡിന്റെ നിർമ്മാണം.
മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാലാ, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പൂവേലി, ഗ്രാമപഞ്ചായത്തംഗം ഇന്ദു പ്രകാശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. റോഡ് നിർമ്മാണത്തിന് സൗജന്യമായി സ്ഥലം വിട്ട് നൽകിയ അഡ്വ ഷൈൻ ടോം, വി.ജെ വിജയകുമാർ, വി.ജെ നന്ദകുമാർ, എന്നിവരെയും മുൻ പഞ്ചായത്ത് സെക്രട്ടറി എം.സുശീലനെയും ചടങ്ങിൽ ആദരിച്ചു.