ഡ്രോൺ ഉപയോഗിച്ച് പാടശേഖരത്തിൽ രാസസംയുക്തങ്ങൾ തളിച്ച് പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്. പതിനൊന്നാം വാർഡിലെ പാതിയാപള്ളിക്കടവ് തൊണ്ണൂറാം പാടശേഖരത്തിലാണ് 20 ഏക്കർ നെൽകൃഷിയിൽ ഡ്രോൺ ഉപയോഗിച്ചുള്ള നൂതനകൃഷി രീതി പരീക്ഷിച്ചത്.
അഗ്രികൾച്ചർ ടെക്നോളജി മാനേജ്മെന്റ് ഏജൻസി(ആത്മ) പദ്ധതി പ്രകാരമാണ് ഡ്രോൺ ഉപയോഗം. സമ്പൂർണ്ണ കെ.എ.യു. മൾട്ടിന്യൂട്രിയൻസ് എന്നറിയപ്പെടുന്ന സൂക്ഷ്മ മൂലകങ്ങളാണു തളിച്ചത്. മഗ്നീഷ്യം, സൾഫർ, ബോറോൺ, സിങ്ക്, കോപ്പർ, അയൺ, മാംഗനീസ്, മോളിബിഡിനം എന്നീ സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയതാണ് സമ്പൂർണ്ണ. പള്ളം ബ്ലോക്ക് പഞ്ചായത്തിൽ ആദ്യമായാണ് പരീക്ഷണാടിസ്ഥാനത്തിൽ ഡ്രോൺ ഉപയോഗിച്ച് നെൽവയലിൽ മൂലകങ്ങൾ തളിക്കുന്നത്. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ ഉദ്ഘാടനം ചെയ്തു. കോട്ടയം കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി. ജെ. കവിത, പനച്ചിക്കാട് കൃഷി ഓഫീസർ ശില്പ ബാലചന്ദ്രൻ, കർഷകർ, ആത്മ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.