സംസ്ഥാന സർക്കാരിന്റെ വൃത്തിയുള്ള നവകേരളം പദ്ധതിയുടെ ഭാഗമായി വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന് വടകര നഗരസഭയിൽ കടലോര ശുചീകരണത്തോടെ തുടക്കമായി. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.പി.പ്രജിത കടലോരത്ത് വലിച്ചെറിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. നാല്പത്തിയഞ്ചാം വാർഡ് കൗൺസിലർ പി. എസ്. അബ്ദുൽ ഹക്കീം അധ്യക്ഷനായി.
ക്യാമ്പയിനിന്റെ ഭാഗമായി വടകര പുതിയ സ്റ്റാൻഡ് പരിസരത്ത് നാളെ (ജനുവരി 27) നഗര ശുചീകരണം നടത്തും. ജനുവരി 29ന് 47 വാർഡുകളിലും 30, 31 തീയതികളിൽ എല്ലാ ഓഫീസുകളിലും സ്കൂളുകളിലും പൊതുശുചീകരണം നടത്തും. സന്നദ്ധസംഘടനകൾ, റസിഡൻസ് അസോസിയേഷൻ, കുടുംബശ്രീ, ഹരിതകർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ, എൻ.എസ്.എസ്, എസ്.പി.സി, എൻ.സി.സി, കച്ചവടസ്ഥാപനങ്ങൾ, ജീവനക്കാർ, തൊഴിലാളികൾ തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ള ആളുകളും പരിപാടിയുടെ ഭാഗമാവും.
കൗൺസിലർമാരായ പി. സജീവ് കുമാർ, ഹിമാ.കെ.പി, വി.വി.നിസാബി, ടി.കെ.പ്രഭാകരൻ, ദിൽന ഡി.എസ്, അരവിന്ദാക്ഷൻ പുത്തൂർ, സവാദ് വടകര തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.