കുന്നത്തുനാട് താലൂക്കിലെ രായമംഗലം വില്ലേജ് ഓഫീസും സ്മാർട്ട് നിലവാരത്തിലേക്ക്. പുതിയ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണത്തിന് തുടക്കമായി. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ നിർമ്മാണോദ്‌ഘാടനം നിർവഹിച്ചു.44 ലക്ഷം രൂപ ചെലവിൽ ആധുനിക നിലവാരത്തിലാണ് പുതിയ ഓഫീസ് ഒരുക്കുന്നത്. നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. നിലവിലുള്ള ഓഫീസ് ഭാഗികമായി പൊളിച്ച സ്ഥലത്താണ് പുതിയ കെട്ടിടം. വില്ലേജ് ഓഫീസർക്കും ജീവനക്കാർക്കുമായുള്ള ഓഫീസ് റൂമുകൾ, റെക്കോർഡ് മുറി, ശുചിമുറികൾ, ഭിന്നശേഷിക്കാർക്കായി റാംപ് തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തി 106.21 ചതുരശ്ര മീറ്റർ വലുപ്പത്തിലാണ് സ്മാർട്ട് വില്ലേജ് ഒരുക്കുന്നത്.
രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.പി അജയകുമാർ അധ്യക്ഷത വഹിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബേസിൽ പോൾ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈമി വർഗീസ്, ശാരദ മോഹൻ, തഹസിൽദാർമാരായ ജോർജ് ജോസഫ്, ജെസ്സി അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബീന ഗോപിനാഥ്, അംബിക മുരളീധരൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയ്, വാർഡ് മെമ്പർ ടിൻസി ബാബു, വില്ലേജ് ഓഫീസർ പി.എസ് രാജേഷ്, മറ്റ് ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.