വിദ്യാർഥികൾ നേരിടുന്ന ലഹരി എന്ന വിപത്തിന് എതിരായ പോർമുഖത്ത് നിൽക്കാൻ അധ്യാപകർ തയ്യാറാകണമെന്ന് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. ആൺ, പെൺ വ്യത്യാസമില്ലാതെ സ്‌കൂളുകളിൽ ലഹരി ഉപഭോഗം വർധിക്കുന്നുണ്ട്. ഇത് ഇല്ലാതാക്കേണ്ടത് പോലീസിന്റെയും എക്‌സൈസിന്റെയും മാത്രം ഉത്തരവാദിത്തമല്ല. മാതാപിതാക്കൾക്കൊപ്പം അധ്യാപകർക്കും ഉത്തരവാദിത്തം ഉണ്ട്.  കുട്ടികളുടെ രണ്ടാമത്തെ രക്ഷിതാവാണ് അധ്യാപകൻ. ഒരു കുട്ടി തലവേദന എന്ന് പറഞ്ഞു കിടക്കുമ്പോൾ യഥാർഥ കാരണം എന്താണെന്ന് അധ്യാപകൻ അന്വേഷിക്കണം.  വിദ്യാർഥിയുടെ സാമൂഹിക, സാമ്പത്തിക പശ്ചാത്തലം അന്വേഷിക്കേണ്ടതുണ്ടെന്നും സ്പീക്കർ പറഞ്ഞു.  സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സംഘടിപ്പിക്കുന്ന സ്റ്റേറ്റ് റിസോഴ്‌സ് അധ്യാപകർക്കായുള്ള ദ്വിദിന റസിഡൻഷ്യൽ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കർ.

പഠിപ്പിച്ചു മാത്രം പോയാൽ പോരേ എന്ന ചിന്ത ചില അധ്യാപകർക്കുണ്ട്. പഠിപ്പിക്കുക എന്നതിനപ്പുറം ഒന്നിനും മെനക്കെടേണ്ട എന്ന മനോഭാവം. പോക്‌സോ പോലുള്ള നിയമങ്ങൾ തങ്ങൾക്കെതിരെ ദുരുപയോഗിക്കും എന്ന് ഭയന്ന് കർത്തവ്യം പഠിപ്പിക്കൽ എന്നതിലേക്ക് മാത്രമായി ചുരുക്കുന്ന സംഭവങ്ങളുണ്ട്. ഇത് അധ്യാപകന്റെ പിൻവാങ്ങലാണ്, ഇതല്ല വേണ്ടതെന്ന് സ്പീക്കർ പറഞ്ഞു.

അധ്യാപകർ അവരുടെ ഉത്തരവാദിത്തം ശക്തമായി ഉപയോഗിക്കണം, പ്രത്യേകിച്ച് ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ. സാങ്കേതിക വിദ്യയുടെ ദുരുപയോഗമാണ് കുട്ടികൾ നേരിടുന്ന അടുത്ത പ്രശ്‌നം. ടെക്‌നോളജി ഉപയോഗിക്കാൻ പറ്റില്ല എന്ന് വിദ്യാർഥികളോട് പറയാൻ കഴിയില്ല. എന്നാൽ ടെക്‌നോളജിയിലെ ചതിക്കുഴികളെക്കുറിച്ച് അവരെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഈ ഉത്തരവാദിത്തങ്ങൾ എല്ലാം അധ്യാപകർക്ക് മാത്രമല്ല ബന്ധപ്പെട്ട കമ്മീഷനും, ഭരണകൂടത്തിനും അക്കാദമിക സമൂഹത്തിനും പൊതു സമൂഹത്തിനുണ്ട്.

കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി നിർമ്മിച്ച നിയമങ്ങളുടെ ദുരുപയോഗവും നടക്കുന്നുണ്ടെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. ആഗോളീകരണത്തിന്റെ പലതരത്തിലുള്ള ദുർനടപ്പുകൾ നമ്മെയും ബാധിച്ചേക്കാം.  അതിനെതിരെ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കേണ്ടതുണ്ട്. കുട്ടികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് മാത്രം പഠിപ്പിച്ചാൽ പോര, കർത്തവ്യങ്ങളെക്കുറിച്ച് കൂടി ബോധവത്കരിക്കണം. ലഹരി എന്ന വിപത്തിൽ നിന്ന് അവരെ വായനയിലേക്കും കായിക രംഗത്തേക്കും കൂട്ടിക്കൊണ്ടുപോകാൻ കഴിയണം.  ഇതിനായി കളിസ്ഥലങ്ങൾ ഉണ്ടാവുകയും ലൈബ്രറികൾ ശക്തിപ്പെടുകയും വെണം.

ചടങ്ങിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ അധ്യക്ഷത വഹിച്ചു.  നാം കുട്ടി ആയിരിക്കുക എന്നതാണ് കുട്ടികളോടുള്ള മനോഭാവത്തിൽ പ്രധാനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുതിർന്നവർ കുട്ടിയുടെ കൗതുകത്തോടെ കാര്യങ്ങൾ കണ്ട്, കുട്ടികളെ ആഹ്ലാദത്തിലേക്കും അതുവഴി നന്മയിലേക്കും നയിക്കണം. സംസ്ഥാന സ്‌കൂൾ കലോത്സവം ഒരു മത്സരമായി കാണരുത് എന്ന നിലയിലാണ് ഇത്തവണ ഒറ്റ അപ്പീൽ പോലും കമ്മീഷൻ സ്വീകരിക്കാതിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പ്രീ-പ്രൈമറി പ്രീ-സ്‌കൂൾ എന്ന മാർഗരേഖ സ്പീക്കർ കമ്മീഷൻ ചെയർപേഴ്‌സന് നൽകി പ്രകാശനം ചെയ്തു. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ആർ ജയപ്രകാശ്, ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗങ്ങളായ ബി ബബിത, സി വിജയകുമാർ, എൻ സുനന്ദ, ജലജാമോൾ ടി.സി, റെനി ആൻറണി എന്നിവർ സംബന്ധിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള അധ്യാപകരാണ് പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന രണ്ട് ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്.