സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ അടുത്തവർഷം ചേർത്തലയിൽ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ടൂറിസം സാധ്യതകളെ കൂടി പ്രയോജനപ്പെടുത്തിയാകും 10 ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റ് സംഘടിപ്പിക്കുക. തണ്ണീർമുക്കം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെള്ളിയാകുളത്ത് നിർമ്മിച്ച
വഴിയിടം – ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി പി. പ്രസാദിൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് വഴിയോര വിശ്രമ കേന്ദ്രങ്ങൾ എന്ന പേരിൽ ടേക്ക് എ ബ്രേക്ക് എന്ന പ്രോജക്ട് ആരംഭിച്ചത്. വഴിയാത്രക്കാർക്ക് വിശ്രമിക്കാനും മറ്റുമായി കേരളത്തിൽ നൂറുകണക്കിന് ഇടങ്ങളാണ് ആരംഭിക്കാനായത്. നമ്മുടെ നാടിന് പുറത്തുനിന്നു വരുന്നവർക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്ന ഒരു സംവിധാനം കൂടി ഏർപ്പെടുത്തുമ്പോൾ കേരളത്തെ ടൂറിസത്തിന്റെ കേന്ദ്രമായി മാറ്റുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകൾ, ആശുപത്രികൾ, സ്കൂളുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, കാർഷിക, മത്സ്യ മേഖലകൾ, തുടങ്ങി എല്ലാ രംഗത്തും കേരളം പുരോഗതി കൈവരിക്കുകയാണ്. രണ്ടു വർഷത്തിനുള്ളിൽ ആറുവരി ദേശീയപാത യാഥാർത്ഥ്യമാകുമ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ദേശീയപാതയായിരിക്കും അതെന്നും മന്ത്രി പറഞ്ഞു.

ആഭ്യന്തര ടൂറിസത്തിന്റെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ തണ്ണീർമുക്കത്ത് സാധിക്കുമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പോളയിൽ നിന്ന് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.

ഫുഡ് കോര്‍ട്ട്, വിശ്രമ കേന്ദ്രം, മൂലയൂട്ടല്‍ കേന്ദ്രം, ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങളാണ് 1165 ചതുരശ്ര അടിയില്‍ നിര്‍മിച്ച കെട്ടിടത്തിലുള്ളത്. 2000 ചതുരശ്ര അടി പാര്‍ക്കിംഗ് സ്ഥലവുമുണ്ട്. 30 ലക്ഷം രൂപ ചെലവിലാണിത് നിര്‍മിച്ചിട്ടുള്ളത്. പൂര്‍ണമായും ഭിന്നശേഷി സൗഹൃദമായാണ് കെട്ടിടത്തിന്റെ നിര്‍മാണം.

എ.എം. ആരിഫ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ഹരിതകര്‍മ സേനയ്ക്കുള്ള ട്രോളിയുടെ വിതരണോദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.എസ്. ഷാജി കുടുംബശ്രീ യൂണിറ്റുകളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മഞ്ജുള, വൈസ് പ്രസിഡന്റ് പ്രവീണ്‍ ജി. പണിക്കര്‍, സെക്രട്ടറി പി.പി. ഉദയസിംഹന്‍, സ്റ്റാഡന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.