പ്രളയക്കെടുതിയെത്തുടര്‍ന്ന് നാശം സംഭവിച്ച രേഖകള്‍ ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റില്‍ തുറമുഖ പുരാരേഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പരിശോധിച്ചു. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്ന് താളിയോലകളും പുസ്തകങ്ങളും ഉള്‍പ്പടെ ആയിരക്കണക്കിന് രേഖകളാണ് ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റില്‍ എത്തിച്ചത്. പ്രളയക്കെടുതിമൂലം നാശം സംഭവിച്ച രേഖകള്‍ പൈതൃക രേഖകള്‍ക്ക് ഒരു സുരക്ഷാകരവലയം എന്ന പേരില്‍ തയാറാക്കിയ മൊബൈല്‍ ക്ലിനിക്ക് വഴിയാണ് ആര്‍ക്കൈവ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കുന്നത്.
   ആലങ്ങാട് സബ്‌രജിസ്ട്രാര്‍ ഓഫീസിലെ രേഖകള്‍, ആലങ്ങാട് ചെമ്പോള കളരിയിലെ താളിയോലകള്‍, ചേന്ദമംഗലം എന്‍. എസ്.എസ് പബ്ലിക് ലൈബ്രറിയിലെ 3000 പുസ്തകങ്ങള്‍, ആലപ്പുഴയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെയും പെരുനാട് സബ്‌രജിസ്ട്രാര്‍ ഓഫീസിലെയും രേഖകള്‍, ചേന്ദമംഗലം പാലിയംകോലിലകത്തെ ചരിത്രശേഷിപ്പുകള്‍ ഉള്‍പ്പെടെ രേഖകളാണ് എത്തിച്ചത്. കേടുപാടുകള്‍ സംഭവിച്ച രേഖകള്‍ നശിക്കാതെ സൂക്ഷിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.