വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്കായി ക്രഷ് ആരംഭിക്കാന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ഇതിനായി വെങ്ങോല, വാഴക്കുളം പഞ്ചായത്തുകളില്‍ കെട്ടിടം കണ്ടെത്താന്‍ വനിത ശിശു വികസന വകുപ്പിനു കീഴിലെ ഐ സി ഡി എസ് പ്രോഗ്രാം ഓഫീസറെ ചുമതലപ്പെടുത്തി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ക്രഷ് ആരംഭിക്കാനാണ് തീരുമാനം.

അടിസ്ഥാന സൗകര്യ വികസനത്തിനായി വിവിധ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടും ഉപയോഗപ്പെടുത്തും. കൂടാതെ പ്രദേശത്തെ പ്ലൈവുഡ് കമ്പനികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണം തേടും. അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണത്തില്‍ ക്രഷിനായുള്ള പദ്ധതി സമര്‍പ്പിക്കാന്‍ പഞ്ചായത്തിനോട് ആവശ്യപ്പെടും. രണ്ട് മുറിയും മറ്റ് സൗകര്യങ്ങളുമുള്ള വീടായിരിക്കും ക്രഷിനായി സജ്ജമാക്കുക. നാല് ജീവനക്കാരെയും കുട്ടികളെ പരിപാലിക്കാന്‍ നിയോഗിക്കും. ഇവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനക്കാരായിരിക്കും. കുട്ടികളെ ക്രഷിലെത്തിക്കുന്നതിനായി വാഹന സൗകര്യവും ഏര്‍പ്പെടുത്തും.

വെങ്ങോല പഞ്ചായത്തിലെ കുറ്റിപ്പാടത്ത് മാലിന്യക്കുഴിയില്‍ വീണ് നാല് വയസുകാരി മരിച്ചതിനെ തുടര്‍ന്നാണ് ക്രഷ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങാന്‍ എഡിഎം യോഗം വിളിച്ചത്. പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന അമ്മയ്ക്കൊപ്പം എത്തിയ കുട്ടിയാണ് ശരിയായ രീതിയില്‍ മൂടാതിരുന്ന കുഴിയില്‍ വീണ് മരിച്ചത്.

യോഗത്തില്‍ പങ്കെടുക്കണമെന്ന് നോട്ടീസ് നല്‍കിയിട്ടും പ്ലൈവുഡ് കമ്പനി അസോസിയേഷന്‍ പ്രതിനിധികളും പഞ്ചായത്തിലെ ജനപ്രതിനിധികളും പങ്കെടുക്കാത്തത് ഖേദകരമാണെന്ന് എഡിഎം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പ്ലൈവുഡ് കമ്പനികള്‍ക്കും ഉത്തരവാദിത്തമുണ്ട്. പത്തിലധികം സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ കുട്ടികളെ പരിപാലിക്കുന്നതിനായി ക്രഷ് വേണമെന്നാണ് നിയമം. പ്ലൈവുഡ് കമ്പനി പ്രതിനിധികളുടെ പ്രത്യേക യോഗം ചേരുമെന്നും എഡിഎം അറിയിച്ചു.

എഡിഎമ്മിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ ലളിത ദേവി, എം.എസ്. ശാന്തി, ചെല്‍ഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസര്‍ സുജ ജേക്കബ്, സിഐഐ ഫൗണ്ടേഷന്‍ പ്രതിനിധി ജേക്കബ് ജോസ്, വാഴക്കുളം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിനി ഐപ്പ്, ശിശുക്ഷേമ സമിതി ചെയര്‍മാന്‍ കെ.കെ. ഷാജു, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് റെസ്‌ക്യൂ ഓഫീസര്‍ ധനൂപ് മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.